കോട്ടയം: കോട്ടയം സംക്രാന്തിയിൽ പച്ചക്കറി ലോറിയിലെ കയർ കാലിൽ കുടുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. സംക്രാന്തിയിൽ താമസിക്കുന്ന കട്ടപ്പന അമ്പലക്കടവ് സ്വദേശിയായ പാറയിൽ മുരളി (50)യാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കോട്ടയം സംക്രാന്തിയിൽ നീലിമംഗലത്തിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.
ഏറ്റുമാനൂരിൽ നിന്നും കോട്ടയത്ത് വരികയായിരുന്ന പച്ചക്കറി ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങുകയായിരുന്നു. ഇതിനു പിന്നാലെ മുരളിയെ റോഡിലൂടെ നൂറു മീറ്ററിലേറെ ദൂരം ലോറി വലിച്ചു കൊണ്ടു പോവുകയായിരുന്നു. ഇതേത്തുടർന്ന് മുരളിയുടെ ഒരുകാൽ അറ്റ നിലയിലായിരുന്നു. തല പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
സംഭവത്തിൽ ലോറിയും ഡ്രൈവറേയും ഗാന്തിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കയർ അഴിഞ്ഞു കിടക്കുന്നത് നോക്കാതെ അശ്രദ്ധമായി സഞ്ചരിച്ച ലോറി മറ്റു രണ്ടു അപകടങ്ങൾ കൂടി സൃഷ്ടിച്ചിരുന്നു. കയറിൽ കുടുങ്ങി ബൈക്ക് യാത്രികരായ ദമ്പതികൾക്കും കാൽനട യാത്രികയ്‌ക്കും പരിക്കേറ്റിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍നിന്ന് തൊഴുതു മടങ്ങുകയായിരുന്ന പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികൾക്കും കാൽനട യാത്രികയ്‌ക്കും ആണ് പരിക്കേറ്റത്. ദമ്പതികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് അപകടങ്ങൾ സംഭവിക്കുകയും ഒരാൾക്ക് ദാരുണ മരണം ഉണ്ടായിട്ടും ലോറി ജീവനക്കാർ ഇതൊന്നുമറിഞ്ഞിരുന്നില്ല. ഡ്രൈക്ളീൻ സ്ഥാപനത്തിലെ ജീവനക്കാരനായ മുരളി രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. അപകടത്തിൽ പരിക്കേറ്റ മൂവരുടെയും പരിക്ക് ഗുരുതരമല്ല. തലനാരിഴയ്ക്കാണ് ജീവൻ നഷ്ടപ്പെടാതെ മൂവരും രക്ഷപ്പെട്ടത്. വാഹനത്തിലെ പച്ചക്കറി റോഡിൽ വീണപ്പോഴാണ് ലോറി ഡ്രൈവറും സഹായിയും അപകടമറിയുന്നത്. കയർ അന്വേഷിച്ച് എത്തിയ തമിഴ്നാട് സ്വദേശികളായ ഡ്രൈവറേയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു.