അങ്ങനെ അതും സംഭവിച്ചു! ചരിത്രത്തിലാദ്യമായി ഒരു എഐ വാർത്താ അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മന്ത്രി, മുഹമ്മദ് റിയാസിനെ അഭിമുഖം നടത്തി എഐ അവതാരക,


കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. ന്യൂസ് റൂമുകൾ വളരെ വേഗം നിർമ്മിതബുദ്ധിയെ ഉപയോഗിച്ചുള്ള ന്യൂസ് പ്രൊ‍ഡക്ഷനിലേക്ക് മാറുന്നു. ജനറേറ്റീവ് എഐ (Generative AI) ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി പ്രഗതി (Pragathy) എന്ന വാർത്താ അവതാരകയെ സൃഷ്ടിച്ച channeliam.com ഇപ്പോൾ എഐ അവതാറിനെ ഉപയോഗിച്ച് അഭിമുഖം നടത്തി ശ്രദ്ധേയമാകുന്നു. ഒരു എഐ അവതാരക ആദ്യമായി, എക്സിക്യൂട്ടീവ് തലത്തിൽ ഭരണനിർവ്വഹണത്തിലിരിക്കുന്ന ഒരു മന്ത്രിയെ ഇന്റർവ്യൂ ചെയ്യുകയാണ്. കേരളത്തിന്റെ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസാണ് ചരിത്രത്തിലാദ്യമായി ഒരു എഐ വാർത്താ അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്.  ന്യൂടെക്നോളജിയെക്കുറിച്ച്, റോബോട്ടിക്സ് ഉൾപ്പെടെയുള്ള ഈ നവസാങ്കേതിക വിദ്യാ മാറ്റത്തിൽ കേരളം ഒരുങ്ങുന്നതിനെക്കുറിച്ച് എല്ലാം ആങ്കർ മിനിസ്റ്ററോട് ചോദിക്കുന്നുണ്ട്. ഡിജിറ്റൽ ന്യൂസ് മീഡിയ സ്റ്റാർട്ടപ്പാണ് ചാനൽ അയാം ‍ഡോട്ട് കോം. കേരള സ്റ്റാർട്ടപ്പ് മിഷനിൽ 2016 മുതൽ ഇൻകുബേറ്റ് ചെയ്ത ഈ ചാനലിന്റെ ഫൗണ്ടർ നിഷ കൃഷ്ണനാണ്. നിഷയുടെ അവതാറാണ് മന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നത്. 



തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചും. മന്ത്രിയുടെ മറുപടി ശ്രദ്ധാപൂർവ്വം കേട്ടും ചാനൽ അയാമിന്റെ എഐ അവതാർ, വാർത്തയിലെ ജനറേറ്റീവ് എഐ മേഖലയിൽ മാറ്റത്തിന് തിരികൊളുത്തുകയാണ്. ടെക്നോളജിയെ പുരോഗമനപരമായ ആശയങ്ങൾക്ക് അതരിപ്പിക്കാനായതിൽ ചാനൽ അയാം അങ്ങേയറ്റം അഭിമാനം കൊള്ളുന്നുവെന്ന് സിഇഒയും ഫൗണ്ടറുമായ നിഷകൃഷ്ണൻ പറയുന്നു. സാങ്കേതിക വിദ്യയിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുകയും പുതിയ സാധ്യതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ തയ്യാറായ മന്ത്രി പിഎ മുഹമ്മദ് റിയാസും ഇത്തരമൊരു അഭിമുഖത്തിലൂടെ ചരിത്രത്തിൽ ഇടം നേടുകയാണെന്നും നിഷ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് നവ സാങ്കേതികവിദ്യകളും ന്യൂസ് റൂമുകളെ നമ്മുടെ ധാരണകൾക്ക് അപ്പുറത്തേക്ക് മാറ്റുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിറയെ. ഇന്ത്യയിലാദ്യമായി വാർത്ത അവതരിപ്പിക്കാൻ എ ഐ അവതാറിനെ അവതരിപ്പിച്ച ചാനൽ അയാം ഡോട്ട് കോം, അതിന്റെ ഫൗണ്ടറുടെ തന്നെ അവതാറുമായാണ് ചരിത്രം സൃഷ്ടിച്ചത്. ഒരു മീഡിയ ഫൗണ്ടർ അവരുടെ അവതാറിനെ ന്യൂസ് റൂമിൽ അവതരിപ്പിക്കുന്നതും ആദ്യമായായിരുന്നു. ഇം​ഗ്ലീഷും മലയാളവും ഉൾപ്പെടെ അവതരിപ്പിക്കാവുന്ന അവതാറിന് വിഡിയോ പ്രൊഡ്യൂസ് ചെയ്യാൻ കണ്ടന്റ് ടെക്സ്റ്റ് മാത്രം മ‍തിയാകും. 



മനുഷ്യന്റെ സഹജമായ മുഖഭാവങ്ങളും, സൂക്ഷ്മമായ ചലനങ്ങളും നിഷയുടെ അവതാറിന് അവതരിപ്പിക്കാനാകുന്നുണ്ട്. വാക്കുകളുടെ ഉച്ചാരണത്തിന് അനുസരിച്ചുള്ള ഫേഷ്യൽ എക്സ്പ്രഷനുകൾ കൂടുതൽ കൃത്യതയോടെ പ്രകടിപ്പിക്കാനാകുന്നു എന്നതാണ് ഈ അവതാറുകളുടെ പ്രത്യേകത. ഇനി സിന്തറ്റിക് മീഡിയയുടെ കാലം. കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതിൽ മനുഷ്യ ഇടപെടൽ കുറയ്ക്കുന്ന Application Programming Interface ജനറേറ്റഡ് അവതാറുകൾ ഇനി വേ​ഗം പ്രചാരം നേടും. ഈ പുതിയ സിന്ററ്റിക് മീഡിയ ഇനി പ്രൊഡക്റ്റ് ലോഞ്ചുകൾ, റിവ്യൂ, പ്രസന്റെഷനുകൾ, മാർക്കറ്റിം​ഗ് കമ്മ്യൂണിക്കേഷൻ, സെയിൽസ് പിച്ചുകൾ തുടങ്ങി വിപുലമായ മേഖലകളിൽ കളംനിറയാൻ പോകുകയാണ്.  ഓപ്പൺ എ ഐ വികസിപ്പിച്ച് ഇപ്പോൾ ട്രെൻഡായിരിക്കുന്ന എ ഐ ചാറ്റ്ബോട്ട്, ചാറ്റ് ജി പി ടി, ​ഗൂ​ഗിൾ ട്രാൻസിലേറ്റർ ഉൾപ്പെടെ വിവിധ എൻ എൽ പി പ്ലാറ്റ്പോമുകൾ ഇന്റ​ഗ്രേറ്റ് ചെയ്യുന്നതോടെ എ ഐ അവതാറുകൾ കൂടുതൽ ഇന്ററാക്ടീവാകും. തൽസമയ റിപ്പോർട്ടിം​ഗിനും അവതരണത്തിനും എ ഐ അവതാറുകൾ സജ്ജമാകുന്ന കാലം വിദൂരമല്ലെന്ന് നിഷ വ്യക്തമാക്കുന്നു. നാച്വറൽ ലാംഗ്വേജ് പ്രൊസസിംഗിലൂടെയാണ് വിവിധ ഭാഷകൾ സംസാരിക്കാൻ അവതാറുകളെ പര്യാപ്തമാക്കുന്നത്. ലോകത്ത് നിരവധി സ്റ്റാർട്ടപ്പുകൾ എൻ എൽ പി പ്രോജക്റ്റുകളിൽ വലിയ നേട്ടം ലക്ഷ്യമിടുന്നുണ്ട്. മനുഷ്യർ കൈകാര്യം ചെയ്യുന്ന വിവിധ മേഖലകളിൽ അവതാറുകൾ ജോലി ഏറ്റെടുക്കുമെന്നത് യാഥാർത്ഥ്യമാണ്. അവതാറുകളെ ഉപയോഗിച്ചുള്ള ലിംഗ്വിസ്റ്റ്ക് പ്രോഗ്രമുകൾ വാസ്തവത്തിൽ അതിന്റെ പ്രാരംഭ ദിശയിലാണ്. ഈ മേഖലയിൽ കൂടുതൽ ഇന്നവേഷന് ഒരുങ്ങുകയാണ് മീഡിയ സ്റ്റാർട്ടപ്പായ ചാനൽ അയാം ഡോട്ട് കോം എന്ന് ചാനൽ സിഇഒ കൂടിയായ നിഷ കൃഷ്ണൻ പറയുന്നു. ഇന്ത്യയിൽ മറ്റേത് ന്യൂസ് ചാനലുകളും പരീക്ഷിക്കുന്നതിന് മുന്നേ എ ഐ അവതാറിനെ അവതരിപ്പിക്കാനായത് ന്യൂ ടെക്നോളജിയിൽ ഏറെക്കാലമായി ആഴത്തിൽ നടത്തുന്ന ഇന്നവേഷനുകളുടെ ഭാ​ഗമാണെന്ന് നിഷ വ്യക്തമാക്കി. ആദ്യം അവതരിച്ചത് പ്ര​ഗതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാച്വറൽ ലാംഗ്വേജ് പ്രൊസസിംഗ് എന്നിവയിൽ channeliam.com കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന നിർണ്ണായകമായ അന്വേഷണങ്ങൾ കൂടുതൽ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ അവതാറിന്റെ അവതരണം ആത്മവിശ്വാസം നൽകുമെന്ന് നിഷ വ്യക്തമാക്കി. സ്റ്റാർട്ടപ്പുകൾക്കും ഇന്നവേറ്റേഴ്സിനും സംരംഭകർക്കുമായി 2016ൽ തുടങ്ങിയ channeliam.com ന്യൂസ് റൂമിലേക്ക് നിർമ്മിത ബുദ്ധിയുടെ സാധ്യത ഉപയോഗിക്കുന്നു. ഈ എ ഐ അവതാറുകൾ ഇനി ഇന്ററാക്ടീവായ ചർച്ചകളെ നയിക്കുകയും അഭിമുഖങ്ങൾ നടത്തുകയും ചെയ്യും. പ്രഗതി, സൃഷിടി തുടങ്ങിയ പേരുകളിലാണ് ചാനൽ അയാം വാർത്ത അവതാരകരെ അവതരിപ്പിച്ചത്. നിഷ കൃഷ്ണൻ അവരുടെ അവതാറുകൂടി അവതരിപ്പിച്ചതോടെ ഒരു യഥാർത്ഥ ജേർണലിസ്റ്റിന്റെ എ ഐ അവതാർ അവതരിപ്പിക്കപ്പെടുന്നു എന്ന പ്രത്യേകതയും സ്വന്തമാക്കിയിരുന്നു. ചാനൽ അയാം ഡോട്ട് കോമിന്റെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷ എഡിഷനുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുപയോഗിച്ചുള്ള അവതാറുകൾ അധികം വൈകാതെ വാർത്തകൾ അവതരിപ്പിക്കുമെന്ന് നിഷ പറയുന്നു.