കോട്ടയം: പ്രസവത്തെ തുടർന്ന് വൃക്കകൾ തകരാറിലായി യുവതി മരിച്ച സംഭവത്തിൽ കോട്ടയം ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കോട്ടയം പാമ്പാടി മാന്തുരുത്തി സ്വദേശി കുറ്റിക്കൽ ഐന്തിക്കൽ ജിബിൻ്റെ ഭാര്യ ആതിര(30) ആണ് മരിച്ചത്. ജനുവരി 11നാണ് കോട്ടയം ജില്ലാ ആശുപത്രിയിൽ ആതിരയപ്രസവത്തിനായി പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ ആതിരയ്ക്ക് അണുബാധയുണ്ടാകുകയായിരുന്നു. തുടർന്ന് ഇരുവൃക്കകളുടേയും പ്രവർത്തനം നിലക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആതിര മരിച്ചത്. സംഭവത്തിൽ കോട്ടയം ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവാണ് അണുബാധയുണ്ടാകാനും ആതിര മരിക്കാനിടയായതെന്നും ബന്ധ്യ്ക്കൽ ആരോപിച്ചു. യുവതിക്ക് അണുബാധയുണ്ടായതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അണുബാധ എങ്ങനെ ഉണ്ടായി എന്ന് അറിയില്ല എന്നാണു ആശുപത്രി അധികൃതർ പറയുന്നത്. ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് ആതിര മരിച്ചതെന്ന് കുടുംബം ആരോപിക്കുമ്പോൾ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് നിലപാടിലാണ് ആശുപത്രി അധികൃതർ. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡയാലിസിസ് സഹായത്തിലാണ് യുവതി ജീവിച്ചിരുന്നത്. ഒരു രോഗവും ഇല്ലാതിരുന്ന മകളെ രോഗിയാക്കിയത് കോട്ടയം ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നുണ്ടായ അണുബാധയെന്ന് ആതിരയുടെ അച്ഛൻ ബാബു ആരോപിച്ചു. ആതിരയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.