കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് ഡോ. സി.ജി. മിനിക്ക് നേത്ര ചികിൽസാ രംഗത്ത് സ്തുത്യർഹമായ സേവനത്തിനുള്ള മെറിറ്റോറിയസ് പെർഫോമൻസ് പുരസ്‌കാരം ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോർജ്ജ് സമ്മാനിച്ചു.
തിമിര ശസ്ത്രക്രിയ രംഗത്തെ മികച്ച പ്രകടനം പരിഗണിച്ചാണ് പുരസ്‌കാരം.കോട്ടയം ജനറൽ ആശുപത്രി നേത്രവിഭാഗം ഡോ. മിനിയുടെ നേതൃത്വത്തിൽ രണ്ടു പതിറ്റാണ്ടായി പാവപ്പെട്ടവർക്കായി സൗജന്യ തിമിര ശസ്ത്രക്രിയകളും നേത്ര ക്യാമ്പുകളും നടത്തിവരുന്നുണ്ട്. മുൻവർഷങ്ങളിലും ഈ റെക്കോർഡ് കോട്ടയം ജനറൽ അശുപത്രിയും ഡോ.മിനിയുമാണ് നേടിയിട്ടുള്ളത്.
ഇതുവരെ 32,000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തുകയും ലക്ഷക്കണക്കിന് രോഗികളെ തിമിര പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ആധുനികമായ സംവിധാനങ്ങൾ ഉള്ള സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ നേത്ര ചികിൽസാ വിഭാഗങ്ങളിലൊന്നാണിത്. ഡോ: എം.ആർ. സീന.,ഡോ. ഫിൻസി എലിസബത്ത് മാത്തൻ, ഡോ. സിജു തോമസ് ജോൺ, ഡോ. ദീപ, ഡോ: എ.ആർ.രമ എന്നീ നേത്ര രോഗവിദഗ്ധരും കോട്ടയം ജനറൽ ആശുപത്രി നേത്ര വിഭാഗത്തിന്റെ നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.