കോട്ടയം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ നടപടി.

കോട്ടയം: ഡെങ്കി അടക്കമുള്ള പകർച്ചവ്യാധികൾക്കെതിരേയുള്ള പ്രതിരോധ നടപടികൾ ശക്തമാക്കാൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിനായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന കൊതുക് ഉറവിട നിർമാർജനദിനം ശക്തമായി തുടരും. വെള്ളിയാഴ്ച -വിദ്യാലയങ്ങൾ, ശനി-സ്ഥാപനങ്ങൾ, ഞായർ -വീടുകൾ എന്ന രീതിയിലാണ് കൊതുക് ഉറവിട നിർമാർജനദിനം നടപ്പാക്കുന്നത്.

 

 സ്‌കൂളുകളിലെ അസംബ്ലിയിൽ ആഴ്ചയിലൊരിക്കൽ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ സംബന്ധിച്ച സന്ദേശം നൽകാനും തീരുമാനിച്ചു. ആശാപ്രവർത്തകർക്കു പുറമെ അങ്കണവാടി പ്രവർത്തകരും എല്ലാദിവസവും വൈകിട്ട് 3:30നു ശേഷം അരമണിക്കൂർ പ്രദേശത്തെ 10 വീടുകൾ സന്ദർശിച്ച് ശുചിത്വ നിർദേശങ്ങൾ നൽകാനും കളക്ടർ നിർദേശിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് പനി, ഡെങ്കിപ്പനി, എച്ച്1 എൻ1 പനി, വയറിളക്കരോഗങ്ങൾ എന്നിവ വർധിച്ചതായി ജില്ലാ രോഗനിരീക്ഷണ ഓഫീസർ ഡോ: സി.ജെ. സിത്താര യോഗത്തിൽ അറിയിച്ചു.

 

 ഡെങ്കിപ്പനി വ്യാപനം തടയാൻ വീടിനുചുറ്റും മഴവെള്ളം കെട്ടിനിൽക്കുന്ന ചെറുപാത്രങ്ങൾ, ചിരട്ടകൾ, സൺഷേഡുകൾ, മരപ്പൊത്തുകൾ തുടങ്ങിയവയിൽനിന്നും ടാപ്പിങ് നടത്താത്ത റബർ മരങ്ങളിലെ ചിരട്ടകൾ എന്നിവയിൽനിന്നും കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തരമായി നീക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. കോട്ടയം നഗരസഭ, പനച്ചിക്കാട്, അതിരമ്പുഴ, മീനടം, കടനാട്, വെച്ചൂർ, കറുകച്ചാൽ, മണിമല എന്നീ ഗ്രാമപഞ്ചായത്തുകൾ അതീവ ശ്രദ്ധപുലർത്തണമെന്നു യോഗം നിർദേശിച്ചു. പ്രതിരോധപ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ ഈ പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെ അധികാരികളുടെ പ്രത്യേക യോഗം വിളിക്കും. എച്ച്‌വൺഎൻവണ്ണിന്റെ വ്യാപനം തടയുന്നതിന് പനിബാധിച്ച കുട്ടികൾ കുറഞ്ഞത് അഞ്ചുദിവസം സ്‌കൂളുകളിൽ പോകുന്നത് ഒഴിവാക്കണമെന്നും, ജലദോഷമുള്ള കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും യോഗം നിർദേശിച്ചു. ഒഴിഞ്ഞു കിടക്കുന്ന വീടുകൾ, പറമ്പുകൾ, തോട്ടങ്ങൾ എന്നിവയിൽ കൊതുക്  വളരുന്നില്ല എന്ന്  ഉറപ്പുവരുത്താൻ നിയമ നടപടികൾ എടുക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. ഭക്ഷ്യവിഷബാധ തടയുന്നതിന് ഹോട്ടൽ പരിശോധന കർശനമാക്കും. മാലിന്യങ്ങൾ ശരിയായി സംസ്‌കരിക്കാത്ത ഭക്ഷണശാലകൾക്കെതിരേ നിയമ നടപടി എടുക്കാനും ജില്ലാ കളക്ടർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദേശം നൽകി. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ സുബിൻ പോൾ, മൃഗസംരക്ഷണ വകുപ്പ് ഉപഡയറക്ടർ ഡോ. കെ.എം. വിജിമോൾ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ധിഖ്, ജില്ലാ മീഡിയ എഡ്യൂക്കേഷൻ ഓഫീസർ ഡോമി ജോൺ, ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ സി.ആർ. രൺദീപ്, ഡോ. വി. അരുൺകുമാർ, ഡോ. അനൂപ, ഡോ. കെ.ജി. സുരേഷ്, ഡോ. ത്രേസ്യാമ്മ ജോസഫ്്, എന്നിവർ യോഗത്തിൽ പങ്കെടുത്തു.