പകർച്ചവ്യാധി പ്രതിരോധം: കോട്ടയം നഗരസഭ, പനച്ചിക്കാട്, അതിരമ്പുഴ, മീനടം, കടനാട്, വെച്ചൂർ, കറുകച്ചാൽ, മണിമല ഗ്രാമപഞ്ചായത്തുകൾ അതീവ ശ്രദ്ധപുലർത്തണം.


കോട്ടയം: കോട്ടയം ജില്ലയിൽ  കോട്ടയം നഗരസഭ, പനച്ചിക്കാട്, അതിരമ്പുഴ, മീനടം, കടനാട്, വെച്ചൂർ, കറുകച്ചാൽ, മണിമല ഗ്രാമപഞ്ചായത്തുകൾ പകർച്ചവ്യാധി പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും അതീവ ശ്രദ്ധപുലർത്തണമെന്നും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം നിർദ്ദേശിച്ചു.

 

 ഡെങ്കി അടക്കമുള്ള പകർച്ചവ്യാധികൾക്കെതിരേയുള്ള പ്രതിരോധ നടപടികൾ ശക്തമാക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് പനി, ഡെങ്കിപ്പനി, എച്ച്1 എൻ1 പനി, വയറിളക്കരോഗങ്ങൾ എന്നിവ വർധിച്ചതായി ജില്ലാ രോഗനിരീക്ഷണ ഓഫീസർ ഡോ: സി.ജെ. സിത്താര യോഗത്തിൽ അറിയിച്ചു.

 

 പ്രതിരോധപ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ ഈ പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെ അധികാരികളുടെ പ്രത്യേക യോഗം വിളിക്കും. മേഖലകളിൽ ഡെങ്കിപ്പനിയും പകർച്ചപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കോട്ടയം നഗരസഭ, പനച്ചിക്കാട്, അതിരമ്പുഴ, മീനടം, കടനാട്, വെച്ചൂർ, കറുകച്ചാൽ, മണിമല ഗ്രാമപഞ്ചായത്തുകൾ അതീവ ശ്രദ്ധപുലർത്തണം എന്ന് നിർദ്ദേശിച്ചിരിക്കുന്നത്.