എരുമേലിയിൽ വനം വകുപ്പിന്റെ ട്രാപ്പ് ക്യാമറ പണി തുടങ്ങി! 2 ആഴ്ചയ്ക്കിടെ എരുമേലി കനകപ്പലം-പ്ലാച്ചേരി വനപാതയിൽ മാലിന്യം തള്ളിയ 10 പേരെ പിടികൂടി, വലിച്ചെറ


എരുമേലി: എരുമേലിയിൽ വനം വകുപ്പിന്റെ ട്രാപ്പ് ക്യാമറ പണി തുടങ്ങിയതോടെ ക്യാമറ സ്ഥാപിച്ചു ആദ്യ 2 ആഴ്ചയ്ക്കിടെ പിടികൂടിയത് 10 പേരെ. എരുമേലി-പ്ലാച്ചേരി പാതയിൽ കാനക്കപ്പളം മുതൽ പ്ലാച്ചേരി വരെയുള്ള പാതയോരത്ത് മാലിന്യ നിക്ഷേപം പതിവായതോടെയാണ് വനം വകുപ്പ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചത്.

 

 എരുമേലി കനകപ്പലം വന മേഖല മുതൽ പ്ലാച്ചേരി വരെയുള്ള വന മേഖലയിൽ പാതയോരങ്ങളിൽ വിവിധ സ്ഥലങ്ങളിലായി വനം വകുപ്പ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. വന പാതയിലെ മാലിന്യം മുഴുവനും നീക്കം ചെയ്ത ശേഷമായിരുന്നു മരങ്ങളിൽ ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചത്. മാലിന്യം തള്ളിയതായി കണ്ടെത്തിയ 10 പേരെ വനം വകുപ്പ് വിളിച്ചു വരുത്തി മാലിന്യം തിരികെ വാരിക്കുകയാണ് ചെയ്തത്. മാലിന്യം തിരികെ വാരി മാറ്റുന്നതിനായി റേഞ്ച് ഓഫീസിൽ നിന്നും പുതിയ ചാക്കും നൽകി. ആദ്യ ഘട്ട നടപടിയായാണ് മാലിന്യം തള്ളിയവരെ വിളിച്ചു വരുത്തി തിരികെ എടുപ്പിച്ചത്.

 

 വരും ദിവസങ്ങളിൽ ഇനി താക്കീത് ഉണ്ടാകില്ലെന്നും ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. മാലിന്യം വലിച്ചെറിഞ്ഞവരുടെ വാഹനത്തിന്റെ നമ്പർ വനം വകുപ്പ് മരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാപ്പ് ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നു. വാഹന നമ്പർ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി മേൽവിലാസത്തിലേക്ക് നോട്ടീസ് അയച്ചു വിളിച്ചു വരുത്തുകയായിരുന്നു. വനം വകുപ്പ് പിടികൂടിയ 10 പേരും കാണാകാപ്പാലം വന മേഖലകൾക്ക് കിലോമീറ്ററുകൾ അകലെ താമസിക്കുന്നവരും വ്യാപാര സ്ഥാപനം നടത്തുന്നവരുമാണ്. ഗാർഹിക മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളുമാണ് തള്ളിയത്. കറുകച്ചാൽ,ഈരാറ്റുപേട്ട,മണിമല,വെച്ചൂച്ചിറ തുടങ്ങിയ മേഖലകളിൽ നിന്നാണ് കനകപ്പലം വന പാതയിൽ വീണ്ടും മാലിന്യമെത്തിയത്. വന പാതയിൽ മാലിന്യം തള്ളിയ പിക്ക് അപ്പ് വാൻ വനം വകുപ്പ് പിടികൂടിയിരുന്നു. കനകപ്പലം-പ്ലാച്ചേരി വന പാതയിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ദുർഗന്ധ പൂരിതമായിരുന്നു ഈ പാതയിലൂടെയുള്ള യാത്ര. നിരവധി തവണ വനം വകുപ്പും വിവിധ സന്നദ്ധ സംഘടനകളും വന മേഖലയിലെ പാതയോരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കിയെങ്കിലും വീണ്ടും ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ തള്ളുക പതിവായിരുന്നു. പഞ്ചായത്ത് അധികൃതരും പോലീസും മാലിന്യ നിക്ഷേപകരെ പിടികൂടിയിട്ടും പിഴ ചുമത്തിയിട്ടും വീണ്ടും മാലിന്യ നിക്ഷേപം പതിവായതോടെയാണ് വനം വകുപ്പ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് 2 ആഴ്ച മുൻപ് പാതയിലെ മാലിന്യങ്ങൾ മുഴുവനും നീക്കം ചെയ്യാൻ വനം വകുപ്പിന് സാധിച്ചത്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ വന്യ ജീവി സംരക്ഷണ നിയമങ്ങൾ ഉൾപ്പടെയുള്ള നിയമങ്ങൾ ഉൾപ്പെടുത്തി ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും മാലിന്യം തള്ളാനുപയോഗിച്ച വാഹനം പിടിച്ചെടുക്കുകയും വാഹനം തിരിച്ചു നൽകാത്ത വിധമോ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്ന വിധമോ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മാലിന്യം നിക്ഷേപിക്കരുത് എന്ന് വന പാതയുടെ വിവിധ മേഖലകളിൽ വനം വകുപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുല്ലു വില നൽകിയാണ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യദ്രോഹികൾ മാലിന്യം തള്ളുന്നത്. കനകപ്പലം-പ്ലാച്ചേരി വന പാതയിൽ മാലിന്യം തള്ളിയതിന് നിരവധിപ്പേരെയും വാഹനങ്ങളെയും പോലീസും ഫോറസ്റ്റും മുൻപ് പിടികൂടിയിരുന്നു. കിലോമീറ്ററുകളോളം ആളൊഴിഞ്ഞ പാതയായതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അറവ് ശാലകളിൽ നിന്നും വീടുകളിൽ നിന്നുമുള്ളത് മാലിന്യങ്ങൾ വന പാതയിൽ വലിച്ചെറിയുക പതിവാണ്  ഇതു മൂലം ഇതുവഴിയുള്ള യാത്ര കാനന ഭംഗി ആസ്വദിക്കുന്നതിനു പകരം ദുർഗന്ധ പൂരിതമായി തീരുകയാണ്. പ്ലാച്ചേരി മണിമല റോഡിൽ പൊന്തൻപുഴ വരെയുള്ള ഭാഗത്തെ സ്ഥിതിയും വിഭിന്നമല്ല.