കോവിഡ് പ്രതിസന്ധിയിൽ അടച്ച ഏറ്റുമാനൂർ വനിതാ ജിംനേഷ്യം തുറന്നു.

ഏറ്റുമാനൂർ: കോവിഡ് പ്രതിസന്ധിയെ തുടർന്നു രണ്ടുവർഷമായി അടച്ചിട്ടിരുന്ന കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ വനിത ജിംനേഷ്യം തുറന്നു പ്രവർത്തനം ആരംഭിച്ചു. വനിതകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമാക്കി ഏറ്റുമാനൂർ നഗരസഭ 2018-19 പദ്ധതി പ്രകാരം എട്ടുലക്ഷം രൂപ മുതൽ മുടക്കിലാണ് വനിതാ ജിനേഷ്യം ആരംഭിച്ചത്.

 

 നഗരസഭയുടെ തൊട്ടടുത്ത കെട്ടിടത്തിനുള്ളിലാണ് വനിതാ ജിംനേഷ്യം പ്രവർത്തിക്കുന്നത്. വെയ്റ്റ് ലിഫ്റ്റിംഗ്, ട്രെഡ്മിൽ, ഡമ്പൽസ് തുടങ്ങിയ നിരവധി ഉപകരണങ്ങളാണ് ഈ ജിംനേഷ്യത്തിലുള്ളത്. ചുരുങ്ങിയ ചെലവിൽ ആരോഗ്യ പരിപാലനം ലക്ഷ്യം വെച്ച് ആരംഭിച്ച ജിംനേഷ്യത്തിൽ വൈകിട്ട് നാല് മുതൽ ആറ് വരെയാണ് പ്രവർത്തനം സമയം. പ്രതിമാസം 500 രൂപയാണ് ഫീസ്. ട്രെയിനറുടെ സേവനവും ലഭ്യമാണ്. ഏറ്റുമാനൂർ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിജി ചവറ ഉദ്ഘാടനം ചെയ്തു.