ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് കോട്ടയം ജില്ലയിൽ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ.


കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനുള്ള ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ജില്ലയിലെമ്പാടും ഇതിന്റെ ഭാഗമായി പരിശോധനകൾ നടക്കും. സ്വന്തമായി ഭക്ഷണം നിർമിച്ച് വിൽപന നടത്തുന്നവർ, ചില്ലറവിൽപ്പനക്കാർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താത്കാലിക കച്ചവടക്കാർ എന്നിവർക്ക് മാത്രമാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കണം. നിരവധി സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിന് പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് പരിശോധന കർശനമാക്കിയത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചാൽ അടച്ചുപൂട്ടൽ നടപടികൾ സ്വീകരിക്കും. ഓഗസ്റ്റ് ഒന്നിന് ശേഷം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കരുത്. ലൈസൻസ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോർട്ടലിൽ അപേക്ഷിക്കാം. സാധാരണ ലൈസൻസുകൾക്ക് 2000 രൂപയാണ് ഫീസ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം ലൈസൻസ് നേടുന്നതുവരെ നിർത്തിവയ്ക്കുകയും നിയമപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.