കോട്ടയത്ത് വീണ്ടും പഴകിയ മീൻ പിടികൂടി! രാമപുരത്ത് നിന്നും പാലായിൽ നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത് 46 കിലോ പഴകിയ മത്സ്യം.


കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വീണ്ടും പഴകിയ മത്സ്യം പിടികൂടി.

 

 ജില്ലയിലെ ചങ്ങനാശ്ശേരി,പുതുപ്പള്ളി, ഞാലിയകുഴി രാമപുരം, പാലാ മേഖലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 46 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. 17 മത്സ്യ വിപണന കേന്ദ്രങ്ങളിലാണ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 



രാമപുരത്ത്  പ്രവർത്തിക്കുന്ന സെന്റ്. ആൻസ് ഫിഷറീസ്, പാലാ കടുതൊടിൽ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. സെന്റ്. ആൻസ് ഫിഷറീസിൽ നിന്നും 20 കിലോ പഴകിയ മത്സ്യവും കടുതൊടിൽ സൂപ്പർ മാർക്കറ്റിൽ നിന്നും 26 കിലോ പഴകിയ മത്സ്യവും പിടികൂടി.

 

 പിടിച്ചെടുത്ത പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച വിവിധങ്ങളായ അഞ്ചു മത്സ്യങ്ങൾ പരിശോധനയ്ക്കായി ലാബിലേക്ക് നൽകി. നാലു സ്ഥാപനങ്ങൾക്ക് പിഴ ഒടുക്കാനുള്ള നോട്ടീസും നൽകിയാതായി ഉദ്യോഗസ്ഥർ പറഞ്ഞു. 



കഴിഞ്ഞ മാസവും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.