കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന അതിശക്തമായ മഴ ശമനമില്ലാതെ തുടരുകയാണ്. മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുകയാണ്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2023 ജൂലൈ അഞ്ച്) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. ജില്ലയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിൽ മഴക്കെടുതികൾ രൂക്ഷമായ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.