കണ്ണിമലയിൽ ആടിനെ ആക്രമിച്ചു കൊന്നത് പുലി തന്നെ! ആ പുലി വനം വകുപ്പിന്റെ കെണിയിൽ വീണു.


മുണ്ടക്കയം: മുണ്ടക്കയം കണ്ണിമലയിൽ ആടിനെ ആക്രമിച്ചു കൊന്നത് പുലി തന്നെ. പുലി വനം വകുപ്പിന്റെ കെണിയിൽ വീണു. കണ്ണിമലയിൽ കൂപ്പ് ഭാഗത്ത് പന്തിരുവേലിൽ സബിന്റെ കൂട്ടിൽ നിന്ന ആടിനെയാണ് ഞായറാഴ്ച രാത്രി പുലി ആക്രമിച്ച് കൊന്നത്. ആദ്യം അജ്ഞാത ജീവിയാണ് ആക്രമിച്ചതെന്ന് കരുതിയെങ്കിലും പുലി പിടിച്ചതാകാമെന്ന സംശയത്തിലായിരുന്നു നാട്ടുകാർ.

 

 മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുലിക്കുന്ന്, കണ്ണിമല, കുളമാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വന്യമൃഗ ശല്യം രൂക്ഷമായിരുന്നു. കാട്ടാന, പുലി തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങിയതുമൂലം പ്രദേശവാസികൾ വലിയ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. രാത്രി കാലങ്ങളിൽ കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് അതിക്രമിച്ചു കയറുകയും കൃഷി നശിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു. അതിനുപുറമേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജനവാസ മേഖലയിലിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നാലു വീടുകളിൽ  പുലി വളർത്തു മൃഗങ്ങളെ ആക്രമിച്ച് കൊന്നുതിന്ന സംഭവം ഉണ്ടായി.

 

 കഴിഞ്ഞ ദിവസം രാത്രി പുലിക്കുന്ന് കുളമാക്കൽ ഭാഗത്ത് ചിറക്കൽ സുഗതൻ എന്നയാളുടെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടിനെ പുലി കൊന്ന് പകുതി ഭക്ഷിച്ച് തിരികെ പോയി. ഈ സാഹചര്യത്തിൽ പ്രദേശവാസികൾ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യെ വിവരം അറിയിക്കുകയും വിഷയത്തിൽ  അടിയന്തരമായി ഇടപെട്ട് ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തുന്ന പുലിയെ എത്രയും വേഗം പിടികൂടുന്നതിന് വനപാലകർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പകുതി ഭക്ഷിച്ച ആടിന്റെ മാംസം ഭക്ഷിക്കാൻ പുലി വീണ്ടും എത്തും എന്നുള്ള വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പുലിയെ പിടികൂടുന്നതിന് കൂട് ഒരുക്കുന്നതിന് തീരുമാനിക്കുകയും അതുപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് എംഎൽഎ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച്  സ്ഥാപിക്കുന്നതിനുള്ള കൂട് എത്തിക്കുന്നതിന് കഴിഞ്ഞു. തുടർന്ന് റേഞ്ച് ഓഫീസർ ബി.ആർ ജയന്റെ നേതൃത്വത്തിൽ പുലിയെ പിടിക്കുന്നതിന് ചിറക്കൽ സുഗതന്റെ പുരയിടത്തിൽ കൂട് സ്ഥാപിച്ചു. ആടിനെ പകുതി കടിച്ച് ഉപേക്ഷിച്ചു പോയ മൃഗത്തെ നിരീക്ഷിക്കാൻ ഫോറസ്റ്റുകാരും നാട്ടുകാരും ചേർന്ന് ക്യാമറ സ്ഥാപിക്കുകയും പിറ്റേ ദിവസം വീണ്ടും പുലി എത്തി ആടിന്റെ അവശിഷ്ടഭാഗങ്ങൾ കൂടി കടിചെടുത്തു കൊണ്ടുപോയപ്പോഴാണ് അത് പുലിയാണെന്ന് ബോധ്യപ്പെട്ടത്. സമീപത്ത് തന്നെയുള്ള പുലിക്കുന്നിൽ ഗർഭിണിയായ ആടിനെ അജ്ഞാത ജീവി കടിച്ചു കൊല്ലുകയുണ്ടായി. അത് പുലിയാണെന്ന് നാട്ടുകാർ സംശയിച്ചെങ്കിലും ക്യാമറ ഇല്ലാതിരുന്നതിനാൽ മനസ്സിലാക്കാനായില്ല. ഇതിന് പിന്നാലെയാണ് പുലിയെ പിടിക്കാൻ പ്രത്യേകം സജ്ജീകരിച്ച കൂട്ടിൽ പുലി കുടുങ്ങിയത്.