കണ്ണിമലയിൽ വന്യജീവി ആക്രമണം, ആടിനെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നു.


മുണ്ടക്കയം: കണ്ണിമലയിൽ വീണ്ടും വന്യജീവി ആക്രമണം. ആടിനെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നു. ഞായറാഴ്ച രാത്രിയിൽ ആണ് സംഭവം.

 

 കണ്ണിമലയിൽ കൂപ്പ് ഭാഗത്ത് പന്തിരുവേലിൽ സബിന്റെ കൂട്ടിൽ നിന്ന ആടിനെയാണ് അജ്ഞാത ജീവി ആക്രമിച്ച് കൊന്നത്. ആടിനെ പുലി പിടിച്ചതാണെന്ന ഭീതിയിലാണ് ജനങ്ങൾ. എന്നാൽ കാൽപാടുകൾ വ്യക്തമല്ലാത്തതിനാൽ പുലി തന്നെയാണ് എന്ന് വനം വകുപ്പ് ഉറപ്പിച്ചിട്ടില്ല. കുറച്ച് നാൾ മുമ്പ് സമാനമായ രീതിയിൽ പുലിക്കുന്നിലും ഇതെ സംഭവം ഉണ്ടായിരുന്നു.

 

 വനപാലകർ സംഭവ സ്ഥലത്ത് എത്തി ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുന്നുണ്ട്. കണ്ണിമല പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം കാരണം കർഷകർ ദുരിതത്തിലാണ്. കൂട്ടത്തോടെ കട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. വളർത്ത് മൃഗങ്ങൾക്ക് നേരെ അഞ്ജാത ജീവിയുടെ ആക്രമണവും കാട്ടാനയുടെ ശല്യവും നാട്ടുകാർക്ക് പുറത്ത് ഇറങ്ങി നടക്കാൻ ഭീതിയാണ് എന്നും എത്രയും പെട്ടെന്ന് ഇതിനെതിരെ പരിഹാരമുണ്ടാക്കണമെന്നും വാർഡ് മെമ്പർ ബിൻസി മാനുവൽ ആവിശ്യപ്പെട്ടു.