കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഉത്തരവിറക്കി. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോരമേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്നും മലയോരമേഖലയിലെ ചാലുകളിലൂടെ മലവെള്ളപ്പാച്ചിൽ, ഉൾപൊട്ടൽ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ചാലുകൾക്കരികിൽ നിർത്തരുത് എന്നുമുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ സുരക്ഷ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മാറിത്താമസിക്കാൻ തയാറാകണം.