കോട്ടയം: കഴിഞ്ഞ ഞായറാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയുടെ തീവ്രത കുറയാതെ നിൽക്കുന്നതോടെ കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളും പടിഞ്ഞാറൻ മേഖലകളും ദുരിതക്കയത്തിലാണ്. കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെയും മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നതോടെയും ഭീതിയിലാണ് ജില്ലയുടെ താഴ്ന്ന മേഖലയിലുള്ളവർ.
നദികളിലെ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നതോടെ ഈ മേഖലകൾ വെള്ളത്തിലാകും. കടുത്തുരുത്തി, വെള്ളാശേരി, മിച്ചഭൂമി, എരുമത്തുരുത്ത്, പത്തുപറ, മാന്നാർ ആയാംകുടി പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. മാന്നാർ മിച്ചഭൂമിയിലെ മുഴുവൻ വീടുകളും വെള്ളത്തിലായി. ഞീഴൂർ പഞ്ചായത്തിലെ തുരുത്തിപള്ളി, മഠത്തിപ്പറമ്പ്, പാഴുത്തുരുത്ത്, പൂവക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി. ജലവിഭവ വകുപ്പിന്റെ കടുത്തുരുത്തിയിലെ പഴയ സെക്‌ഷൻ ഓഫിസ് വെള്ളത്തിലായി. മാഞ്ഞൂർ പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളായ കുഴിയഞ്ചാൽ, കോതനല്ലൂർ, മാഞ്ഞൂർ സൗത്ത് നമ്പ്യാകുളം മേഖലകളിൽ വെള്ളം കയറി.
ജില്ലയിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. വെള്ളം കയറിയതോടെ വാസയോഗ്യമല്ലാതായ വീടുകളിൽ നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. വൈക്കം മേഖലയിൽ അൻപതിലധികം വീടുകളിൽ വെള്ളം കയറി. തലയോലപ്പറമ്പ് പഞ്ചായത്തിലെ മനയ്ക്കച്ചിറ, കോരിക്കൽ, മുണ്ടോടി, മുട്ടുങ്കൽ, ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറേക്കര, വാഴമന, മറവൻതുരുത്ത് പഞ്ചായത്തിൽ കുളങ്ങര കോളനി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. തിരുവാർപ്പിൽ നിരവധി വീടുകളിൽ വെള്ളം കയറി. അയ്മനം പഞ്ചായത്തിൽ പരിപ്പ്, മുട്ടേൽ പ്രദേശങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. വെള്ളം വരവ് കൂടിയതോടെ മാനത്തെ മഴക്കാറിനെ ഭീതിയോടെയാണ് പടിഞ്ഞാറൻ മേഖലയിലെ കാര്യങ്ങൾ നോക്കിക്കാണുന്നത്. പെയ്ത്തു വെള്ളം ഒഴുകിയെത്തുന്നതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളും താഴ്ന്ന പ്രദേശങ്ങളുമായ വൈക്കം,തലയോലപ്പറമ്പ്,കുമരകം, ചങ്ങനാശ്ശേരി,കടുത്തുരുത്തി തുടങ്ങിയ മേഖലകൾ ആശങ്കയിലാണ് ഒപ്പം വെള്ളപ്പൊക്ക ഭീതിയിലും.