കോട്ടയം: അമിതവിലയും പൂഴ്ത്തിവയ്പും തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്ത സ്‌ക്വാഡ് കോട്ടയം ജില്ലയിലുടനീളം നടത്തുന്ന പരിശോധന രണ്ടാം ദിവസവും തുടർന്നു. കോട്ടയം ജില്ലയിലെ പലചരക്ക്, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
142 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 64 ക്രമക്കേടുകൾ രണ്ടാം ദിനം കണ്ടെത്തി. ആദ്യദിനം 108 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി 61000 രൂപ പിഴ ഈടാക്കി. വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും പായ്ക്കറ്റുകളിൽ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനയ്ക്കുവച്ചതും അടക്കമുള്ള ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കോട്ടയം താലൂക്കിൽ 30 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 16 സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി.
ചങ്ങനാശേരി താലൂക്കിൽ 21 സ്ഥലത്ത് നടത്തിയ പരിശോധനയിൽ 9 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നോട്ടീസ് നൽകി. കാഞ്ഞിരപ്പള്ളിയിൽ 34 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ 14 സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. മീനച്ചിൽ താലൂക്കിൽ 32 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ ക്രമക്കേട് കണ്ടെത്തിയ 13 സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. വൈക്കം താലൂക്കിൽ 25 ഇടത്ത് പരിശോധന നടത്തിയപ്പോൾ ക്രമക്കേട് കണ്ടെത്തിയ 12 സ്്ഥാപനങ്ങൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്. വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്തസ്‌ക്വാഡ് വ്യാപകപരിശോധന നടത്തിയത്. പല കടകളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കിയിട്ടുപോലുമില്ലായിരുന്നു. ജില്ലയിലെ പച്ചക്കറി മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും പലചരക്ക് മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും സൂപ്പർമാർക്കറ്റുകളിലും പരിശോധന. റെയ്ഡിന് ജില്ലാ സപ്‌ളൈ ഓഫീസറും താലൂക്ക് സപ്‌ളൈ ഓഫീസർമാരും നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും. വിലവിവരപട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്കും കാലാവധി കഴിഞ്ഞ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷ അടക്കം മതിയായ ലൈസൻസുകളില്ലാത്ത പ്രവർത്തിക്കുന്നവർക്കുമെ തിരേ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു.