കോട്ടയത്ത് നിയന്ത്രണംവിട്ട ഓട്ടോ പാറമടക്കുളത്തിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം, അപകടം ഇന്നലെ രാത്രി ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ, മൃതദേഹം


കോട്ടയം: കോട്ടയത്ത് നിയന്ത്രണംവിട്ട ഓട്ടോ പാറമടക്കുളത്തിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് സ്വദേശി തുമ്പിക്കാനിക്കൽ അജേഷ് വിജയനാണ് (34) മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. തോട്ടയ്ക്കാട് പാറയ്ക്കാമലയിലെ പാറമട കുളത്തിലേക്കാണ് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞത്. ഇന്നലെ രാത്രി ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുല്ലിനുമുകളിൽ കൂടി വാഹനം കയറിയപ്പോൾ തെന്നിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. പാറമട കുളത്തിനു സംരക്ഷണ ഭിത്തിയില്ലാഞ്ഞതിനാൽ നിയന്ത്രണംവിട്ട ഓട്ടോ കുളത്തിലേക്ക് പതിക്കുകയായിരുന്നു. വലിയ താഴ്ചയുള്ള കുളമാണ് ഇത്. ഇന്നലെ രാത്രിയായിട്ടും രാജേഷിനെ കാണാതായത്തോടെ ബന്ധുക്കൾ വിവരം പോലീസിൽ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോ പാറമടക്കുളത്തിൽ നിന്നും കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയും സ്‌കൂബാ ഡൈവിങ് സംഘവും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ഇന്ന് കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാറമട കുളത്തിൽ പതിച്ച ഓട്ടോ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നതാന് ഈ പാറമടക്കുളം. തോട്ടയ്ക്കാട് ആശുപത്രി കവലയിലെ ഓട്ടോ ഡ്രൈവർ ആണ് അജേഷ്.