കോട്ടയം: ഇന്ത്യയിലെ തന്നെ മികച്ച സർവ്വകലാശാലകളിൽ ഒന്നായ എംജി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള  പ്രവേശന നടപടികൾ നടന്നു വരുന്നതിനിടെ സർവ്വകലാശാലയെ തകർക്കുന്ന രീതിയിൽ പ്രചരണം നടത്തുന്നത് അപലപനീയമാണ് എന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ.

 

 കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ എൻ ഐ ആർ എഫ് റാങ്കിങ്ങിൽ കേരളത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സർവ്വകലാശാലയാണിത്. കഴിഞ്ഞ രണ്ടുവർഷമായി സർവ്വകലാശാലയെ രാജ്യന്തരനിലവാരത്തിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളാണ് സർവ്വകലാശാലയ്ക്ക് ലഭിച്ചത്. ഇത്തരം കാര്യങ്ങൾ മറച്ചുപിടിച്ച്  ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനത്തെക്കുറിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വിദ്യാർത്ഥി സമൂഹത്തിന് ആശങ്ക ഉണ്ടാക്കുന്നതാണ് എന്നും മന്ത്രി പറഞ്ഞു.

 

 ഏകജാലക പ്രവേശനം അവസാനിച്ചെന്നും കോളേജുകളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സി ടി അരവിന്ദകുമാർ വ്യക്തമാക്കിയിട്ടുണ്ട്. സർവ്വകലാശാലയുടെ കണക്ക് അനുസരിച്ച് അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനത്തിന് ഓൺലൈനിൽ 55,000ലധികം വിദ്യാർഥികൾ അപേക്ഷ നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ അലോട്ട്‌മെന്റ് രജിസ്‌ട്രേഷൻകൂടി പരിഗണിക്കുമ്പോൾ അപേക്ഷകരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ് കോളേജുകളിലെ 11,258 മെറിറ്റ് സീറ്റുകളിൽ 65 ശതമാനത്തിലും സർക്കാർ കോളേജുകളിലെ 1,132 സീറ്റുകളിൽ 63 ശതമാനത്തിലും അഡ്മിഷൻ പൂർത്തിയായി കഴിഞ്ഞു.  നഗര മേഖലകളിലെ കോളേജുകളിൽ വിദ്യാർഥികളുടെ എണ്ണത്തിലും വർധനവുണ്ട്. 20,100 മെറിറ്റ് സീറ്റുകളുള്ള സ്വാശ്രയ കോളജുകളിൽ പ്രവേശനം 45 ശതമാനമാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റ്  നടപടികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടുകൂടി കുട്ടികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവുണ്ടാകും. വിവാദമുണ്ടാക്കുന്ന തരത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ കോളേജുകളിൽ പ്രവേശനം കാത്തിരിക്കുന്ന വിദ്യാർഥികൾക്കിടയിൽ ഇത്  ആശങ്കയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകുമെന്ന് തിരിച്ചറിയേണ്ടതുണ്ട് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.