രൗദ്രഭാവത്തിൽ മണിമലയാർ! മണിമലയാറിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ, കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്.


കോട്ടയം: ഇടതോരാതെ പെയ്യുന്ന മഴയിൽ മണിമലയാറിൽ ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ മണിമലയാറിൽ ജലനിരപ്പ് മിനിറ്റുകൾ വെച്ച് ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ജലനിരപ്പ് ഉയർന്നതോടെ മുണ്ടക്കയം കോസ്‌വേയിലും പഴയിടം കോസ്‌വേയിലും വെള്ളം കയറി.

 

 പഴയിടം കോസ്‌വേയിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മണിമല കൊച്ചു പാലം മുങ്ങി. മണിമലയിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെള്ളം കയറി. മണിമലയാറിൽ ജലാനിരപ്പ് അപകാടാ നിലയ്ക്ക് മുകളിൽ എത്തിയതോടെ കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഇതിനോടകം തന്നെ മണിമലയാറിന്റെ തീരപ്രദേശത്തുള്ള കൃഷിയിടങ്ങളിൽ വെള്ളം കയറി.

 

 മണിമലയിൽ മണിമലയാർ രൗദ്രഭാവം പൂണ്ടാണ് ഒഴുകി മറിയുന്നത്. മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയർ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര ജല കമ്മീഷൻ (CWC)  നൽകിയിട്ടുണ്ട്. നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. എരുമേലി കാഞ്ഞിരപ്പള്ളി ബൈപ്പാസിൽ ഓരുങ്കൽക്കടവ് പാലത്തിലും വെള്ളം കയറി.