വിലാപയാത്ര പുതുപ്പള്ളി വലിയ പള്ളിയിലേക്ക്, ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര, ജനസാഗരമായി പുതുപ്പള്ളി പള്ളി.


കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഉമ്മൻ ചാണ്ടിയുടെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നും പുതുപ്പള്ളി വലിയ പള്ളിയിലേക്ക് തിരിച്ചു. രാഹുൽ ഗാന്ധിയുൾപ്പടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കുന്നതിനായി പള്ളിയിൽ എത്തിയിട്ടുണ്ട്. 



ഒരു ഞായറാഴ്ച കുർബാന പോലും മുടക്കാതെ എത്തിയിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് അവസാനമായി പള്ളിയിലേക്ക് എത്തുകയാണ്. പതിനായിരക്കണക്കിന് ജനങ്ങളാണ് തറവാട് വീട്ടിലും പുതുതായി പണിയുന്ന വീട്ടിലും ഉമ്മൻ ചാണ്ടിയെ കാണുന്നതിനായി എത്തിയത്. പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാനായി ജനസാഗരമാണ് കാത്തിരിക്കുന്നത്. ആയിരക്കണക്കിനാളുകളെ വകഞ്ഞു മാറ്റിയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവുമായി ആംബുലൻസ് പള്ളിയിലേക്ക് യാത്രയാകുന്നത്. രാത്രിയിലും ജനസഞ്ചയമാണ് ജനകീയ നേതാവിനെ കാണുന്നതിനായി ഇപ്പോഴും എത്തുന്നത്. 



പള്ളിയിലേക്കുള്ള വിലാപ യാത്രാമധ്യേ നിരവധിപ്പേരാണ് പാതയ്ക്കിരുവശവും ആദരാഞ്ജലികളർപ്പിച്ചു കാത്തു നിൽക്കുന്നത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. പുതുപ്പള്ളി വീട്ടിൽ നിന്നും ആദ്യമായാണ് ആവലാതി കേൾക്കാതെ,പരാതി സ്വീകരിക്കാതെ,പരിഹാരം നിർദ്ദേശിക്കാതെ,മറ്റുള്ളവരുടെ കണ്ണീരൊപ്പാതെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് യാത്രയാകുന്നത്.