ജനനായകന് വിട ചൊല്ലാനൊരുങ്ങി പുതുപ്പള്ളി, നാടിനെയാകെ കരയിച്ച് ഉമ്മൻ ചാണ്ടിയുടെ മടക്കയാത്ര...സംസ്കാരം ഇന്ന്.


കോട്ടയം: നാടിനെയാകെ കരയിച്ച് ഉമ്മൻ ചാണ്ടിയുടെ മടക്കയാത്ര. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചതുമുതൽ ജനസാഗരമായി മാറിയ എം സി റോഡ് കണ്ണീർക്കടലാവുകയായിരുന്നു.

 

 പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞു, നാടിന്റെയും ജനത്തിന്റെയും ജനപ്രിയനായ നേതാവ് അന്ത്യ യാത്ര പറഞ്ഞു നീങ്ങുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ജനം ജനനായകന് വിട നൽകുന്നത്. വലിയ ജനക്കൂട്ടങ്ങളായിരുന്നു എം സി റോഡിൽ വിലാപയാത്ര തിരുവനന്തപുരത്തു നിന്നും ആരംഭിച്ചത് മുതൽ വിവിധ സ്ഥലങ്ങളിൽ കാത്തു നിന്നത്. 



രാത്രി ഏറെ വൈകിയും തങ്ങളുടെ നേതാവിനെ കണ്ടു ആദരാഞ്ജലികൾ അർപ്പിക്കാനായി മഴയും തണുപ്പും കൂരിരുട്ടും വകവെയ്ക്കാതെ ജനം പാതയോരത്ത് കാത്തു നിന്നത്.

 

 സമാനതകളില്ലാത്ത ജനത്തിരക്കാണ് എം സി റോഡിൽ അനുഭവപ്പെടുന്നത്. ഇന്നലെ രാവിലെ 7 മണിക്ക് ആരംഭിച്ച വിലാപയാത്ര എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് സഞ്ചരിക്കുന്നത്. മുൻ നിശ്ചയിച്ചത് പ്രകാരം ഇന്നലെ വൈകിട്ട് കോട്ടയം തിരുനക്കരയിൽ വിലാപയാത്ര എത്തേണ്ടതായിരുന്നു. എന്നാൽ വഴിയിലുടനീളം ജനനേതാവിനെ കാണാനായി തടിച്ചു കൂടിയ ആയിരങ്ങളുടെ ആദരം ഏറ്റുവാങ്ങിയ ശേഷം മാത്രമാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി കോട്ടയത്തേക്ക് എത്തുന്നത്. തന്നെ കാണാനായി എത്തുന്ന അവസാന ആളെയും നിരാശരാക്കാതെ കണ്ടതിനു ശേഷം മാത്രമായിരുന്നു അദ്ദേഹം മുൻപും നടന്നു നീങ്ങിയിരുന്നത്. ഇപ്പോൾ തന്റെ അന്ത്യ യാത്രയിലും തന്നെ കാണാനായി എത്തിയ അവസാന ആളെയും കണ്ടതിനു ശേഷമാണ് അദ്ദേഹം നീങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. സംസ്കാര ചടങ്ങിൽ രാഹുൽഗാന്ധി പങ്കെടുക്കും. പുതുപ്പള്ളി പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് ഉമ്മൻ ചാണ്ടി അന്ത്യനിദ്ര പ്രാപിക്കുന്നത്. പുതുപ്പള്ളിയിൽ ശക്തമായ സുരക്ഷയും ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ചങ്ങനാശ്ശേരി മുതൽ കോട്ടയം വരെയുള്ള പാതയിൽ എം സി റോഡിലേക്ക് ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാനായി ജനം ഒഴുകിയെത്തുകയാണ്.