കോട്ടയം: ആർത്തിരമ്പുന്ന ജനസാഗരത്തെ നോക്കി കൈവീശാനോ അവരുടെ സങ്കടം കേൾക്കാനോ ഇനി ഉമ്മൻ ചാണ്ടിയില്ല. കേരളത്തിന്റെ ജനനായകൻ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞു അവസാന യാത്രയ്‌ക്കൊരുങ്ങുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തു നിന്നും പുതുപ്പള്ളിയിലേക്ക് യാത്ര തിരിച്ചു. വിലാപയാത്ര പുതുപ്പള്ളിയിൽ എത്തുന്നതും കാത്തു വീട്ടിലും പള്ളിയിലുമായി നിൽക്കുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ജനസാഗരം.
മഴയെയും വെയിലിനെയും അവഗണിച്ചാണ് വലിയ ജനക്കൂട്ടം അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി കാത്തിരിക്കുന്നത്. പലർക്കും ഉമ്മൻ ചാണ്ടിയെക്കുറിച്ച് പങ്കുവെയ്ക്കാനുള്ളത് വികാരനിര്ഭരങ്ങളായ ഓർമ്മകൾ മാത്രമാണ്. ജനനായകൻ കാണാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിനാളുകളാണ് കോട്ടയത്തേക്ക് ഒഴുകിയെത്തിയത്. അണമുറിയാത്ത ജനപ്രവാഹമായിരുന്നു തിരുനക്കര മൈതാനത്തേക്ക് ഒഴുകിയെത്തിയത്. തന്റെ ജീവിതത്തിൽ നെഞ്ചോടടുക്കിപ്പിടിച്ച കോട്ടയത്തിന്റെ മണ്ണിൽ നിന്നും അവസാന യാത്രയും പറഞ്ഞു ഇനിയൊരു മടക്കമുണ്ടാകില്ല എന്ന വേദനിപ്പിക്കുന്ന സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ടു ജന്മനാടായ പുതുപ്പള്ളിയിലേക്ക് അവസാനമായി കടന്നു വരികയാണ് ഉമ്മൻ ചാണ്ടി.
കടന്നു വന്ന പാതയിൽ മുഴുവനും ആദരാഞ്ജലികൾ അർപ്പിക്കാനായി പ്രതികൂല കാലാവസ്ഥയെപ്പോലും വകവെയ്ക്കാതെ നിരവധിപ്പേരാണ് അര്ധരാത്രിയിൽപ്പോലും വഴിയോരത്ത് കാത്തു നിന്നത്. മുദ്രാവാക്യം വിളികളാലും ചിത്രങ്ങൾ കൊണ്ടും പൂക്കൾ കൊണ്ടും ഒഴുകിയെത്തിയത് ജനസാഗരമായിരുന്നു. പുതുപ്പള്ളി കവല മുതൽ തറവാട് വീടുവരെ ജനസമുദ്രമാണ്, തങ്ങളുടെ ജനകീയനായ നേതാവിനെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി എത്തിയവരാണ്. തിരുനക്കരയിൽ നിന്നും അക്ഷരനഗരിയുടെ ആദരവ് ഏറ്റുവാങ്ങിയാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലേക്കുള്ള തന്റെ അവസാന മടക്ക യാത്ര ആരംഭിച്ചത്.
ഏറെനാൾ കാറിൽ യാത്ര ചെയ്ത വഴിയിലൂടെ ഇന്ന് ആളുകളെ അഭിസംബോധന ചെയ്യാതെ പുഞ്ചിരിതൂകുന്ന ചിരിയില്ലാതെ അദ്ദേഹം അവസാന യാത്ര ചെയ്യുകയാണ്. ആൾക്കൂട്ടത്തെ സ്നേഹിച്ച ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച ഉമ്മൻ ചാണ്ടി ആൾക്കൂട്ടത്തെ അനാഥമാക്കി മടക്കമില്ലാത്ത യാത്രയിലാണ്. കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ്, അതായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടി. ഏതൊരാവശ്യത്തിനും എപ്പോൾ വേണമെങ്കിലും ആരുടേയും ശുപാർശയില്ലാതെ ഓടിയെത്തി സങ്കടങ്ങളും ആവലാതികളും ആവശ്യങ്ങളും പറയാൻ സാധിച്ചിരുന്നു അപൂർവ്വ വ്യക്തികളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ വീട്ടിൽ എന്നും ആൾത്തിരക്കായിരുന്നു. നിരവധിയാളുകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി തങ്ങളുടെ ജനകീയനായ നേതാവിനെ കണ്ടു പരാതികളും ആവശ്യങ്ങളും അറിയിക്കാൻ ഒഴുകിയെത്തിയിരുന്നത്.
ഉമ്മൻ ചാണ്ടിയുടെ മരണ വാർത്ത കേട്ടാണ് പുതുപ്പള്ളി ഉണർന്നത്. നാടിന്റെ മനസ്സിൽ ഒരു ശൂന്യതയായിരുന്നു, തങ്ങളുടെ നേതാവ് ഇനിയില്ല എന്ന തിരിച്ചറിവ് ഞെട്ടലോടെയാണ് നാടും നാട്ടുകാരും മനസ്സിലാക്കിയത്. കുഞ്ഞുഞ്ഞിനെ ഒന്ന് കാണണം... കുഞ്ഞൂഞ്ഞ് ശരിയാക്കാമെന്ന് പറഞ്ഞു... കോട്ടയത്തെ വീടുകളിലും, ചായക്കടകളിലും, പാടത്തും,പറമ്പിലും,കവലകളിലുമൊക്കെ കഴിഞ്ഞ അമ്പത് വർഷത്തിലധികമായി നിത്യേനേ കേട്ടുകൊണ്ടിരുന്ന വാക്യങ്ങൾ.... കുഞ്ഞൂഞ്ഞിൽ സുരക്ഷിതമായിരുന്നു കോട്ടയം...എപ്പോ വേണേലും മണർകാട്ടോ പുതുപ്പള്ളിയിലോ അയർക്കുന്നത്തോ ഉള്ള വഴികളിൽ ആളെ കാണാൻ പറ്റും... പിന്നെ ചർച്ചകളാണ്, അഭിപ്രായങ്ങളാണ്, സങ്കടം കേൾക്കലാണ്... എന്നാ വാ അങ്ങോട്ട് ഒന്ന് പോകാം എന്നൊരു തീരുമാനം ഉണ്ടായാൽ.. നേരെ അങ്ങോട്ട്... ചിലപ്പോ ആരുടെയെങ്കിലും പെൻഷൻ കേസാവാം, ചികിത്സാ വിഷയങ്ങളാവാം. എന്തായാലും കുഞ്ഞൂഞ്ഞ് വരും... കലക്രമേണേ തലമുറകൾ മാറിയപ്പോൾ കുഞ്ഞുഞ്ഞ് ഉമ്മൻ ചാണ്ടിയായി, ചാണ്ടി സാറായി... സ്നേഹവും, കരുതലും ഇരട്ടിച്ചതല്ലാതെ മറ്റൊരു മാറ്റവും ഉണ്ടായില്ല... മുഖ്യമന്ത്രി ആയിരുന്നപ്പോഴും സെക്യൂരിറ്റി ജീവനക്കാരുടെ വളയമില്ലാതെ സാധാരണക്കാരനായി ജനങ്ങൾക്കിടയിലായിരുന്നു ഉമ്മൻ ചാണ്ടി ജീവിച്ചത്. പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ച കുർബാനയും ഒരിക്കലും മുടക്കിയിരുന്നില്ല. നേതാവായിരിക്കുമ്പോഴും എം.എൽ.എ.യും മന്ത്രിയും മുഖ്യമന്ത്രിയുമായിരിക്കുമ്പോഴും അടച്ചിടാത്ത ആർക്കും കയറിവരാവുന്ന തുറന്നവാതിലുള്ള വീട്... ഇതായിരുന്നു ജനങ്ങൾക്ക് മുൻപിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കാരോട്ട് വള്ളക്കാലിൽ വീട്. നാലു തവണ മന്ത്രിയും രണ്ടു തവണ കേരള മുഖ്യമന്ത്രിയുമായി അഞ്ചു പതിറ്റാണ്ട് നിയമസഭയിൽ കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ച ശേഷമാണ് ഉമ്മൻ ചാണ്ടി വിട പറയുന്നത്. പുതുപ്പള്ളിയിലെ വീട്ടിൽ ഇനി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ മാത്രം.അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25നായിരുന്നു അന്ത്യം. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1970 ൽ, 27 ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെയാണ് പരാജയപ്പെടുത്തിയത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹായിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർ വിവാദം സംസ്ഥാനത്തെ പിടിച്ചുലച്ചു. വിടവാങ്ങിയത് ജനകീയൻ എന്ന പദത്തിന് ജീവിതം കൊണ്ട് അർഥം രചിച്ച കേരളത്തിന്റെ സ്വന്തം നേതാവ്.