കോട്ടയത്ത് വീട്ടുമുറ്റത്ത് നിന്ന മരം മുറിച്ചു മാറ്റുന്നതിനിടെ മരം മറിഞ്ഞു വീണു വാതിൽപ്പടിയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, വീട് തകർന്നു, 2 പേർക്ക


കോട്ടയം: കോട്ടയത്ത് വീട്ടുമുറ്റത്ത് നിന്ന മരം മുറിച്ചു മാറ്റുന്നതിനിടെ മരം മറിഞ്ഞു വീണു വാതിൽപ്പടിയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പള്ളം മലേപ്പറമ്പിൽ പരേതനായ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി (49) ആണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കോട്ടയം പള്ളത്താണ് അപകടം ഉണ്ടായത്. വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനായി പകുതി വെട്ടിയ ശേഷം വാദം ഉപയോഗിച്ച് വലിക്കുന്നതിനിടെ മരം എതിര്ദിശയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഈ സമയംവാതിൽപ്പടിയിലിരുന്ന മേരിക്കുട്ടിയുടെയും ഒപ്പമുണ്ടായിരുന്ന ഷേർളി, സ്മിത എന്നിവർക്കിടയിലേക്ക് വീടിനു  മുകളിലേക്ക് മരം പതിക്കുകയായിരുന്നു. വീടിന്റെ മേൽക്കൂര തകർത്ത് മരം മേരിക്കുട്ടിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഷേർളിയും സ്മിതയും ഓടി മാറാൻ ശ്രമിച്ചേകിലും മരത്തിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഷേർലിയുടെ വീടിനു മുന്നിൽ നിന്ന പുളി മരമാണ് വെട്ടിയത്. വൈക്കത്ത് താമസിക്കുന്ന ഷേർളി പള്ളത്തെ വീട് സ്മിതയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. മേരിക്കുട്ടിയുടെ മരണം സംഭവ സ്ഥലത്തു വെച്ച് തന്നെ സംഭവിച്ചിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തി മരത്തിന്റെ കമ്പുകൾ വെട്ടി മാറ്റിയാണ് മൂവരെയും പുറത്തെടുത്തത്. നാട്ടുകാർ ചേർന്ന് മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ രണ്ടുപേരെയും കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വീണു വീടും കിണറും തകർന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സൈറ, സച്ചിൻ എന്നിവരാണ് മേരിക്കുട്ടിയുടെ മക്കൾ.