പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ കാര്യത്തിൽ എംപിമാർ ഒളിച്ചുകളി നടത്തുന്നു: സജി മഞ്ഞക്കടമ്പിൽ.


കോട്ടയം: കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം കഴിഞ്ഞ അഞ്ചുമാസമായി കെട്ടിടത്തിന്റെ ബലക്ഷയം ഉണ്ടന്ന് പറഞ്ഞ് പ്രവർത്തനം നിർത്തിയിടുകയും എന്നാൽ കെട്ടിടത്തിന് ബലക്ഷയം ഇല്ല എന്ന് കെട്ടിടമുടമ അവകാശപ്പെടുകയും തുടർന്ന് സർക്കാർ ഏജൻസികൾ വഴി നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിട്ടും പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിയിട്ടിരിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

 

 ഈ വിഷയം ഉന്നയിച്ച കേരള കോൺഗ്രസ് സമരം നടത്തുമ്പോൾ മാത്രം സ്ഥലം എംപി തോമസ് ചാഴികാടനും, രാജ്യസഭ എംപി ജോസ് കെ മാണിയും മന്ത്രിക്ക് നിവേദനം കൊടുത്തു ഉടൻ പുനരാരംഭിക്കും എന്ന് മന്ത്രി ഉറപ്പു നൽകി എന്ന പത്രവാർത്ത കൊടുത്തു കോട്ടയത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി. എം പിമാർക്ക് താല്പര്യമുള്ള ആളിന്റെ കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റുന്നതിന് വേണ്ടിയാണ് നിലവിലുള്ള കെട്ടിടത്തിന് ബലക്ഷയം ആരോപിച്ച് പ്രവർത്തനം നിർത്തിയിട്ടിരിക്കുന്നതെന്നും സജി ആരോപിച്ചു. പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ പ്രവർത്തനമാരംഭിച്ചു കോട്ടയത്തെ ജനങ്ങൾക്ക് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാസ്പോർട്ട് സേവാ കേന്ദ്രം കവാടത്തിങ്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 യൂത്ത് ഫണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടക്കിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ പി കുര്യൻ, ജോയി സി. കാപ്പൻ, അഭിലാഷ് കൊച്ചുപറമ്പിൽ, റോയി ജോസ്, ജോമോൻ ഇരുപ്പക്കാട്ടിൽ, പ്രതീഷ് പട്ടിത്താനം, കുര്യൻ വട്ടമല, നോയൽ ലൂക്ക്, ജിതിൻ പ്രാക്കുഴി, ദീപു തേക്കും കാട്ടിൽ, എബി സെബാസ്റ്റ്യൻ, ടോം ജോസഫ്, ജ്യേതിഷ്‌ മോഹനൻ, ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു. പാസ്പോർട്ട് സേവാ കേന്ദ്രം പുനസ്ഥാപിക്കുന്ന കാര്യത്തിൽ 100 ശതമാനം തോമസ് ചാഴികാടൻ എം.പി പരാജയമാണെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് പാസ്പോർട്ട് ഓഫീസ് കവാടത്തിങ്കൽ സ്ഥാപിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു.