കോട്ടയം: ''എല്ലാം കാൽ കിലോ വീതം വാങ്ങിയാലും കൈപൊള്ളും'', കഴിഞ്ഞ ദിവസം കോട്ടയം മാർക്കറ്റിൽ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വാങ്ങാനെത്തിയ വീട്ടമ്മയുടെ വാക്കുകളാണിത്. കറി വെക്കാൻ ഒന്നും വാങ്ങാതിരിക്കാനാവില്ലല്ലോ, ആവശ്യമുള്ള പച്ചക്കറികൾ എല്ലാം തന്നെ കാൽ കിലോ വാങ്ങുമ്പോഴേക്കും രൂപ 300 കടന്നിട്ടുണ്ടാകുമെന്നും വീട്ടമ്മ കൂട്ടിച്ചേർത്തു.
ജില്ലയിലുൾപ്പടെ സംസ്ഥാനത്ത് പലചരക്ക്-പച്ചക്കറി വില വർദ്ധനവ് രൂക്ഷമാകുകയാണ്. തക്കാളിയും ഇഞ്ചിയും ഉള്ളിയുമൊക്കെ വില കേട്ടാൽ തന്നെ കൈപൊള്ളുന്ന നിലയിലാണ്. പച്ചമുളകിനും സവോളയ്ക്കും വില കയറി തുടങ്ങി. തക്കാളിക്ക് കിലോ 160 രൂപയും ഇഞ്ചിക്ക് കിലോ 350 രൂപയും ഉള്ളിക്ക് കിലോ 150 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. പലചരക്ക് സാധനങ്ങൾക്കും വില ഉയരുന്നുണ്ട്. പയർ,പരിപ്പ്,വെളുത്തുള്ളി തുടങ്ങിയ സാധനങ്ങൾക്ക് വില കൂടുതലാണ്.
ഇറച്ചി കോഴിയുടെ വില 110 ൽ എത്തിയതാണ് വിപണിയിൽ ഏക ആശ്വാസമായി പറയാവുന്നത്. മത്സ്യ വിലയും ഉയർന്നു തന്നെ. വിലക്കയറ്റത്തിൽ ജനം നട്ടം തിരിയുമ്പോഴും വിപണിയിൽ സർക്കാർ ഇടപെടൽ ഫലപ്രദമാകുന്നില്ല എന്ന് പരാതിയുണ്ട്. സാധാരണക്കാരന്റെ അടുക്കള ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന രീതിയിലുള്ള വിലക്കയറ്റമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തതിനാൽ ജോലി ദിവസങ്ങളും കുറവായതിനാൽ സാധാരണക്കാർ ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട് നേരിടുകയാണ്. ഉള്ളിയും ഇഞ്ചിയും പച്ചമുളകും അടുക്കളയ്ക്ക് ഒഴിച്ച് കൂടാനാകാത്ത സാധനങ്ങളാണ്. വില കൊടുതലായതോടെ പച്ചക്കറി വാങ്ങുന്നവരുടെ എണ്ണവും വാങ്ങുന്ന അളവും കുറഞ്ഞതോടെ വ്യാപാരവും കുറഞ്ഞതായി വ്യാപാരികൾ പറയുന്നു.