പുതുപ്പള്ളി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻ ചാണ്ടിക്ക് അന്ത്യവിശ്രമത്തിന് കുടുംബ കല്ലറയ്ക്ക് പകരം പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറയൊരുങ്ങുന്നു.
പുതുപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ കിഴക്ക് ഭാഗത്തായാണ് പ്രത്യേക കല്ലറ ഒരുങ്ങുന്നത്. പുതുപ്പള്ളി പള്ളി മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് കരോട്ട് വള്ളകാലിൽ കുടുംബത്തിന്റെ കുടുംബ കല്ലറ നിലനിൽക്കെ പ്രത്യേകം കല്ലറ ഒരുങ്ങുന്നത്.
വൈദികരുടെ കല്ലറയ്ക്ക് സമീപമായിരിക്കും പ്രത്യേക കല്ലറ നിർമ്മിക്കുന്നത്. കല്ലറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ്, സഭ അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ്, ഇടവക വികാരി ഫാ. ഡോ. വർഗീസ് വർഗീസ്, ഇടവക ഭാരവാഹികൾ എന്നിവർ ചേർന്ന് വിലയിരുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി പള്ളിയിൽവച്ച് സംസ്കാര ചടങ്ങുകൾ നടക്കും.