മണിമലയിലെ സൗമ്യ മുഖ സാന്നിധ്യം, ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച വ്യക്തിത്വം, നാടിന് നോവായി ഇൻഫാം അപ്പച്ചൻ ചേട്ടന്റെ വിയോഗം. യാത്രയാകുന്നത് പകരക്കാരനില


മണിമല: മണിമലയ്ക്ക് ഇന്ന് ദുഃഖ ഞായറായിരുന്നു, നാടും നാട്ടുകാരും ഞെട്ടലോടെയാണ് തങ്ങൾ ഏറെ സ്നേഹിച്ചിരുന്ന തങ്ങളെ സ്നേഹിച്ചിരുന്ന അപ്പച്ചൻ ചേട്ടന്റെ വിയോഗ വാർത്ത കേട്ടത്. എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രം കാണുന്ന മണിമല മാർക്കറ്റ് ജംഗ്ഷനിലെ വ്യാപാരിയായിരുന്ന ഇൻഫാം  കർഷകന്റെ കട എന്ന സ്ഥാപനം നടത്തിയിരുന്ന ജോൺ ജോസഫ്(അപ്പച്ചൻ) പാണ്ടിമാക്കൽ(66) വിടവാങ്ങി. ഹൃദയാഘാതമായിരുന്നു മരണകാരണം.

 

 എല്ലാവര്ക്കും സ്വീകാര്യനായ മണിമലയിലെ സൗമ്യ മുഖ സാന്നിധ്യം ആയിരുന്നു അപ്പച്ചൻ ചേട്ടൻ. തന്റെ വ്യാപാര സ്ഥാപനത്തിൽ എത്തുന്നവരെ ഒരിക്കൽപോലും ഒരു വാക്കുകൊണ്ട് പോലും നിരാശരാക്കാതെ എല്ലാവരുടെയും സുഖ വിവരങ്ങൾ അന്വേഷിച്ചു ഒരു കുടുംബാംഗമെന്നപോലെയുള്ള ബന്ധമായിരുന്നു എല്ലാവരോടും അപ്പച്ചൻ ചേട്ടന് ഉണ്ടായിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു പാണ്ടിമാക്കൽ ജോൺ ജോസഫ് എന്ന മണിമലക്കാരുടെ സ്വന്തം അപ്പച്ചൻ ചേട്ടൻ. കോവിഡ് സമയത്ത് ഏറെ ജീവകാരുണ്യപ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. കോവിഡ് ബാധിതരായ നിരവധി നിർധനരായവർക്ക് പലചരക്ക്-പച്ചക്കറി സാധനങ്ങൾ പ്രതിഫലമർഹിക്കാതെ സ്വന്തം ചിലവിൽ എത്തിച്ചു നൽകിയിരുന്നു.

 

 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധിപ്പേർക്ക് മരുന്ന് വാങ്ങുന്നതിനു പണം നൽകിയും ആരോരുമറിയാത തന്റെ കടയിൽ നിന്നും പച്ചക്കറിയും പഴങ്ങളും പലചരക്ക് സാധനങ്ങളും നൽകി സ്നേഹം പകുത്തു നൽകിയ പ്രിയപ്പെട്ട അപ്പച്ചൻ ചേട്ടന്റെ വിയോഗം മണിമലയ്ക്ക് വലിയൊരു നഷ്ടമാണ്. അപ്പച്ചൻ ചേട്ടന്റെ വിയോഗത്തോടെ നാടിനു നഷ്ടമാകുന്നത് പകരക്കാരനില്ലാത്ത മനുഷ്യ സ്നേഹിയെയാണ്. വലത് കരം ചെയ്യുന്നത് ഇടത് കരം അറിയരുത് എന്ന നിലയിലായിരുന്നു അപ്പച്ചൻ ചേട്ടന്റെ പ്രവർത്തനങ്ങൾ. 

ചെറുകിട കർഷകരുടേതുൾപ്പടെ കാർഷിക വിളകൾ കർഷകരിൽ നിന്നും സംഭരിച്ചു വില്പന നടത്തിയിരുന്നു. വീടുകളിൽ കൃഷി ചെയ്യുന്ന ജൈവ കാർഷിക വിളകളെ കൂടുതൽ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ചെറിയ അളവിലാണെങ്കിൽപ്പോലും കർഷകർ എത്തിക്കുന്ന പച്ചക്കറികളും വിളകളും തന്റെ കടയിൽ വാങ്ങി വിൽപ്പന നടത്തി കർഷകർക്ക് ന്യായ വില നൽകിയിരുന്നു അദ്ദേഹം. സ്വന്തമായി ഭവനമില്ലാതെ വിഷമിക്കുന്നവർക്കായി തന്റെ സ്ഥലത്തിന്റെ ഒരു ഭാഗം വീട് വെയ്ക്കുന്നതിനായി നൽകിയിരുന്നു. 

മണിമലയ്ക്ക് എന്നെന്നും ഒരു തീരാനഷ്ടമാണ് അപ്പച്ചൻ ചേട്ടന്റെ വിയോഗം. ജീവിതത്തിൽ ഒരിക്കലെങ്കിലും അപ്പച്ചൻ ചേട്ടനുമായി സംസാരിച്ചവരാരും ഒരിക്കലും മറക്കാത്ത വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഇപ്പോഴും പുഞ്ചിരിയുള്ള മുഖവുമായി മണിമലയുടെ നിറസാന്നിധ്യമായിരുന്ന അപ്പച്ചൻ ചേട്ടന്റെ വിയോഗം ഉൾക്കൊള്ളാനാകാതെയാണ് മണിമലയും നാട്ടുകാരും. 

മൃതസംസ്കാര ശുഷ്രൂഷകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് വീട്ടിൽ ആരംഭിക്കുകയും തുടർന്ന് സംസ്കാരം മണിമല ഹോളി മാഗി ഫൊറോനാ പള്ളിയിൽ നടക്കും.