കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര ബുധനാഴ്ച രാവിലെ 7 മണിക്ക് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല,ചങ്ങനാേശരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടർന്ന് ഭൗതിക ശരീരം രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ അന്ത്യശുശ്രൂഷകള്‍ ആരംഭിക്കും. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് കോട്ടയത്ത് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയെന്നു വ്യക്തമാക്കി പോലീസ് അറിയിപ്പ് ഇറക്കിയിട്ടുണ്ട്. തിരുനക്കര അമ്പലം മൈതാനത്ത് ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യാനാണ് അനുമതി. കാർ മുതലായ ചെറുവാഹനങ്ങൾ തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത്, സി എം എസ് കോളേജ് റോഡ്, തിരുനക്കര ബസ്സ് സ്റ്റാൻഡ്, ജെറുസലേം ചര്‍ച്ച് മൈതാനം, ജില്ലാ ആശുപത്രിക്ക് എതിർവശം എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. ബസ്സ് മുതലായ വലിയ വാഹനങ്ങൾ കുര്യന്‍ ഉതുപ്പ് റോഡ്, ഈരയില്‍ക്കടവ് ബൈപാസ് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. എം സി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍, അറുത്തൂട്ടി വഴി പോവുക. എം സി റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയില്‍ക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക. നാഗമ്പടം പാലത്തുനിന്നും വരുന്ന വാഹനങ്ങള്‍ സിയേഴ്‌സ് ജംഗ്ഷന്‍, നാഗമ്പടം ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി എം എൽ റോഡ് കോടിമത ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി സിയേഴ്‌സ് ജംഗ്ഷന്‍ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോവുക. നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍,ഇല്ലിക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോവുക. കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി ,ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.