കോട്ടയം: "ആ കൈ അവിടെ ഇരിക്കട്ടെ... കൈ അവിടെ വെച്ചത് കൊണ്ട് ഒന്നും സംഭവിക്കാനും പോകുന്നില്ല..." സെൽഫിക്കായി യൂസഫലിയുടെ തോളിൽ കയ്യിട്ട യുവാവിന്റെ കൈ തട്ടി മാറ്റിയ സുരക്ഷാ ഉദ്യോഗസ്ഥരോട് പുഞ്ചിരിയോടെ മറുപടി നൽകി വ്യവസായി എം എ യൂസഫലി. പുഞ്ചിരിക്കൊപ്പം സ്നേഹത്തോടെ കൈ തിരികെ തോളിലിട്ട് സെൽഫിക്ക് പോസ് ചെയ്താണ് യൂസഫലി മടങ്ങിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയും കുടുംബാംഗങ്ങളെയും സന്ദർശിക്കാനായി പുതുപ്പള്ളിയിൽ എത്തിയതായിരുന്നു യൂസഫലി. 



ശനിയാഴ്ച 12 മണിയോടെ കോട്ടയം പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂൾ മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം അദ്ദേഹം റോഡ് മാർഗ്ഗം ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. തുടർന്ന് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പചക്രം സമർപ്പിച്ചു. തിരികെ സ്‌കൂൾ മൈതാനത്ത് എത്തി ഹെലികോപ്റ്ററിൽ തിരികെ യാത്രയാകാനായി തുടങ്ങുന്നതിനിടെയാണ് രണ്ടു യുവാക്കൾ യൂസഫലിക്കൊപ്പം സെൽഫിക്കായി എത്തിയത്. 



യൂസഫലി അനുവാദം നൽകിയതോടെ ഇതിൽ ഒരാൾ യൂസഫലിയുടെ തോളിൽ കൈ ഇടുകയായിരുന്നു. ഇതുകണ്ട് ഞെട്ടിയ സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി യുവാവിന്റെ കൈ തട്ടി മാറ്റുകയായിരുന്നു. എന്നാൽ "ആ കൈ അവിടെ ഇരിക്കട്ടെ... കൈ അവിടെ വെച്ചത് കൊണ്ട് ഒന്നും സംഭവിക്കാനും പോകുന്നില്ല..." എന്ന് പറഞ്ഞ ശേഷം യുവാവിന്റെ കൈ യൂസഫലി തന്നെ തോളിൽ വെച്ച് പുഞ്ചിരിയോടെ സെൽഫിക്ക് പോസ് ചെയ്യുകയായിരുന്നു.