അമിതവിലയും പൂഴ്ത്തിവയ്പും: കോട്ടയം ജില്ലയിൽ 108 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകൾ ആദ്യദിനം കണ്ടെത്തി.


കോട്ടയം: അമിതവിലയും പൂഴ്ത്തിവയ്പും തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്ത സ്‌ക്വാഡ് കോട്ടയം ജില്ലയിലുടനീളം പരിശോധന നടത്തി.

 

 കോട്ടയം ജില്ലയിലെ പലചരക്ക്, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 108 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകൾ ആദ്യദിനം കണ്ടെത്തി. വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും പായ്ക്കറ്റുകളിൽ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനയ്ക്കുവച്ചതും അടക്കമുള്ള ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.

 

 വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.