പേരു ചൊല്ലി വിളിച്ചു, അരുമയോടെ ആര്യൻ.

കോട്ടയം: തെരുവുനായകൾക്ക് പരിശീലനം നൽകി ഇണക്കി അരുമയാക്കി മാറ്റാമെന്നതു സാക്ഷ്യപ്പെടുത്തലായി 'ആര്യൻ'.

 

 തെരുവുനായ നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി. സെന്റർ വിപുലീകരണ പദ്ധതികൾക്ക് രൂപം കൊടുക്കുന്നതിനായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗത്തിലാണ് പരിശീലനം നേടിയ ആര്യൻ എന്നു പേരിട്ട തെരുവുനായയെ പരിചയപ്പെടുത്തിയത്.

 

 'നെയ്മർ', 'പുഴു' തുടങ്ങിയ സിനിമകളിലടക്കം മൃഗപരിശീലനകനായ വൈക്കം സ്വദേശി ഉണ്ണിയാണ് ആര്യനെ തെരുവിൽ നിന്നു കണ്ടെത്തി പരിശീലിപ്പിച്ചത്. യോഗത്തിനെത്തിയ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ അടക്കമുള്ളവർ പേരു ചൊല്ലി വിളിച്ചപ്പോൾ ആര്യൻ അവർക്കരുകിൽ അനുസരണേയാടെ വന്നുനിന്നു. യോഗപ്രതിനിധികൾക്കു മുന്നിൽ കൈകൂപ്പിയും കസേരയിൽ കയറിയിരുന്നതും പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നതും കൗതുകകാഴ്ചയായി.