കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഉഴവൂർ ടൗൺ പരിസരത്ത് ഓണത്തിനോടനുബന്ധിച്ച് പൂകൃഷി ആരംഭിച്ചു.
ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാടാമല്ലി, ബന്ദി എന്നിവയാണ് കൃഷി ചെയ്യുന്നത്. കുടുംബശ്രീ സി.ഡി.എസ്. അധ്യക്ഷ മോളി രാജ്കുമാർ, അംഗങ്ങളായ ശോഭന മോഹനൻ, ഗീത കേശവൻ എന്നിവർ ചേർന്ന് പാട്ടത്തിനെടുത്ത ഇരുപത് സെന്റ് സ്ഥലത്താണ് പൂ കൃഷി ചെയ്യുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോണീസ് പി. സ്റ്റീഫൻ, ബിൻസി അനിൽ, റിനി വിൽസൺ, ബിനു ജോസ്, അക്കൗണ്ടന്റ് തുഷാര ബൈജു തുടങ്ങിയവർ പങ്കെടുത്തു.