കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു.
വിലാപ യാത്ര കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതോടെ ചങ്ങനാശ്ശേരി മുതല്‍ കോട്ടയം വരെ പ്രത്യേകം ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയതായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എ പറഞ്ഞു. ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി,ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക്, ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, കോൺഗ്രസ്സ് പ്രവർത്തകർ എന്നിവരുടെ സംയുക്ത ചർച്ചയിലാണ് ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനമായത്.
തങ്ങളുടെ ജനനായകനെ കാണാൻ വിലാപയാത്ര വരുന്ന വഴിയിലെല്ലാം ആളുകൾ കൂടി നിൽക്കുന്നതിനാൽ മുൻപ് ക്രമീകരിച്ചിരിക്കുന്ന സമയങ്ങളിൽ ഭൗതിക ശരീരം കോട്ടയത്ത് എത്താൻ സാധ്യതയില്ല. എങ്കിലും 6 മണിയോട് കൂടിയെങ്കിലും എത്തിച്ചേരുമെന്നാണ് കരുതുന്നത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ഭൗതികശരീരം എത്തിച്ചു ആദരവ് നൽകിയ ശേഷമായിരിക്കും തിരുനക്കര മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിനു വെയ്ക്കുക. കോട്ടയത്ത് ഗതാഗത നിയന്ത്രണത്തിനും വാഹന പാർക്കിങ്ങിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. പൊതുജനങ്ങൾക്ക് കടന്നു വന്നു ആദരാഞ്ജലികൾ അർപ്പിച്ചു കടന്നു പോകുന്നതിനുള്ള സൗകര്യങ്ങൾ തിക്കും തിരക്കുമുണ്ടാകാതെ സജ്ജമാക്കിയിട്ടുണ്ട്.