ചങ്ങനാശ്ശേരി: ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നത് ഇരുപത്തി നാലാം മണിക്കൂറിൽ. ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു.
നിലവിൽ ചങ്ങനാശ്ശേരിയിലാണ് വിലാപയാത്രയുള്ളത്. ജനകീയനായ ജനനേതാവിനെ കാണാനായി ഉറക്കമൊഴിഞ്ഞു കാത്തിരിക്കുകയായിരുന്നു ചങ്ങനാശ്ശേരിയും കോട്ടയവും. തിരുനക്കര മൈതാനത്ത് ഇന്നലെ ഉച്ച മുതൽ കനത്ത മഴയെ പോലും അവഗണിച്ചു വലിയ ജനക്കൂട്ടമാണ് എത്തിയത്. രാത്രി ഏറെ വൈകിയിട്ടും തങ്ങളുടെ ജനനേതാവിനെ ഒരു നോക്ക് കാണാതെ മടങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു.
രാത്രിയിലും വിലാപയാത്ര കടന്നു വന്ന എം സി റോഡിൽ പാതയോരത്ത് ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് കാത്തിരുന്നത്. രാത്രിയിൽ കത്തിച്ച മെഴുകു തിരികളുമായാണ് ജനനായകന് നാട് ആദരാഞ്ജലികൾ അർപ്പിച്ചത്. കുട്ടികളുൾപ്പടെയുള്ളവരാണ് അർദ്ധരാത്രിയിലും ഉമ്മൻ ചാണ്ടിയെ കാത്തു നിന്നത്. പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആദരാഞ്ജലികൾ അർപ്പിച്ചു. ചങ്ങനാശ്ശേരിയിൽ ജനസാഗരമായിരുന്നു ഉമ്മൻ ചാണ്ടിയെ കാത്തു നിന്നത്. എങ്ങനാശ്ശേരിയിൽ നിന്നും വിലാപയാത്ര കോട്ടയത്തേക്ക് യാത്ര ആരംഭിച്ചു.