വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു, മരിച്ചത് ഒരു കുടുംബത്തിലെ 3 പേർ.


കോട്ടയം: കോട്ടയം വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. ഒരു കുടുംബത്തിലെ 3 പേരാണ് മുങ്ങി മരിച്ചത്. ആമ്പല്ലൂർ വരിക്കാൻകുന്ന് സ്വദേശികളായ 9 പേർ അടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. മുണ്ടയ്ക്കൽ ജോൺസൺ (56), സഹോദരന്റെയും സഹോദരിയുടെയും മക്കളായ ജിസ് മോൾ (15), അലോഷി(16) എന്നിവരാണ് മരിച്ചത്. വൈക്കം വെള്ളൂർ ചെറുകര പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. ആറ്റിൽ കുളിക്കാനെത്തിയ സംഘത്തിലെ പെൺകുട്ടി കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടയിലാണ് മറ്റു രണ്ടു പേർ പുഴയിൽ വീണത്. കടുത്തുരുത്തിയിൽ നിന്നും പിറവത്തു നിന്നും എത്തിയ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് നീണ്ട നേരത്തെ തെരച്ചിലിനോടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.