കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന തെരഞ്ഞെടുപ്പുകളിലൊന്നായി മാറിക്കഴിഞ്ഞു. മണ്ഡലത്തിലെ മുന്നണികളുടെ പ്രവർത്തനങ്ങളും നീക്കങ്ങളും രാഷ്ട്രീയ കേരളം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടത്തിന് കച്ച മുറുക്കിയിരിക്കുകയാണ് മുന്നണികൾ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒഴിവിലേക്കായി നടത്തുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. യു ഡി എഫ് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജെയിക് സി തോമസും ആണ് മത്സരിക്കുന്നത്. ബി ജെ പി സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചാണ്ടി ഉമ്മന് വേണ്ടി കോൺഗ്രസ്സ് ഒറ്റക്കെട്ടായാണ് പ്രചാരണ രംഗത്തുള്ളത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയിക് സി തോമസ് മുൻപും രണ്ടു തവണ ഉമ്മൻ ചാണ്ടിക്കെതിരായി മത്സരിച്ചിട്ടുണ്ട്. അരനൂറ്റാണ്ടുകളായി പുതുപ്പള്ളിക്കാർ തങ്ങളുടെ കുഞ്ഞൂഞ്ഞിനും യു ഡി എഫിനുമാണ് പുതുപ്പള്ളി നല്കിയിരുന്നതെങ്കിൽ ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ അരനൂറ്റാണ്ടുകൾക്ക് മുൻപ് തങ്ങൾക്ക് നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് എൽ ഡി എഫ്. പിതാവിനെതിരെ മത്സരിച്ച ജെയിക് ഇപ്പോൾ മകനെതിരെയും മത്സര രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു തവണ ഉമ്മൻ ചാണ്ടിക്കെതിരായി ജെയിക് മത്സരിച്ചപ്പോഴും ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ ജെയിക്കിന് കഴിഞ്ഞിരുന്നു. മുന്നണികളിലെ മുതിർന്ന നേതാക്കൾ പുതുപ്പള്ളിയിൽ പ്രചാരണത്തിന് എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ ജില്ലയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കും. ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയുമായുള്ള ഹൃദയബന്ധവും സഹതാപ തരംഗവും വോട്ടായി മാറുമെന്ന വിജയ പ്രതീക്ഷയിലാണ് യു ഡി എഫ്. എന്നാൽ മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് എൽ ഡി എഫ് പ്രചാരണം ശക്തമാക്കുന്നത്.