"അപ്പാ നൽകിയ ട്രൈ സ്കൂട്ടർ നശിച്ചു പോയി, മോൻ ഇടപെട്ട് എനിക്ക് പുതിയത് ഒരെണ്ണം തരപ്പെടുത്തി തരണം" ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കരികെ സങ്കടവുമായി എത്തിയ ശശ


പുതുപ്പള്ളി: കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കരികിലിരുന്ന മകൻ ചാണ്ടി ഉമ്മനരികിലേക്ക് ഒരാൾ എത്തുന്നത്. ശശികുമാർ എന്ന ഭിന്നശേഷിക്കാരനാണ് "അപ്പാ നൽകിയ ട്രൈ സ്കൂട്ടർ നശിച്ചു പോയി, മോൻ ഇടപെട്ട് എനിക്ക് പുതിയത് ഒരെണ്ണം തരപ്പെടുത്തി തരണം" എന്ന ആവശ്യവുമായി ചാണ്ടി ഉമ്മനരികിൽ എത്തിയത്. വർഷങ്ങൾക്ക് മുൻപ് തനിക്ക് ഉമ്മൻ ചാണ്ടി ഒരു ട്രൈ സ്കൂട്ടർ നൽകിയിരുന്നുവെന്നും കാലപ്പഴക്കത്താൽ അത് നശിച്ചു പോയതായും ശശികുമാർ സങ്കടത്തോടെ ചാണ്ടി ഉമ്മനോട് പറഞ്ഞിരുന്നു. തീർച്ചയായും ഒരു ട്രൈ സ്കൂട്ടർ നൽകുന്നതിനായി പരിശ്രമിക്കാമെന്നു ഉറപ്പ് നൽകിയാണ് ചാണ്ടി ഉമ്മൻ ശശികുമാറിനെ തിരികെ യാത്രയാക്കിയത്. ഇന്ന് പുതുപ്പള്ളി പള്ളിയിൽ വെച്ച് തന്നെ ചാണ്ടി ഉമ്മൻ ശശികുമാറിന് ട്രൈ സ്‌കൂട്ടറിന്റെ താക്കോൽ കൈമാറി. പ്രവാസിയായ ഒരു സുഹൃത്ത് മുഖേനയാണ് ട്രൈ സ്‌കൂട്ടർ സമ്മാനിക്കാനായതെന്നും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നതുമായും ചാണ്ടി ഉമ്മൻ പറഞ്ഞു.