പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രാചാരണ പ്രവർത്തനങ്ങളിൽ അതിവേഗം ബഹുദൂരം മുൻപിലാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ശരവേഗത്തിലാണ് യു ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും മുതിർന്ന നേതാക്കൾ ഉൾപ്പടെ പ്രചാരണ രംഗത്ത് സജീവമായതും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ്സ് നേതാവുമായ ചാണ്ടി ഉമ്മന്റെ കന്നിയങ്കമാണ് ഈ തെരഞ്ഞെടുപ്പ്. പുതുപ്പള്ളിയിൽ വികസന മുരടിപ്പാണെന്നും വികസനമാണ് മണ്ഡലത്തിൽ ചർച്ച ചെയ്യേണ്ടതെന്നും എൽ ഡി എഫ് പറയുമ്പോൾ വികസന മുരടിപ്പുകളുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ 53 വർഷമായി തുടർച്ചയായി ഉമ്മൻചാണ്ടി വിജയിക്കില്ലായിരുന്നു എന്ന് ചാണ്ടി ഉമ്മൻ പറയുന്നു. കരുതലിന്റെ വികസനമാണ് ഉമ്മൻ ചാണ്ടി നടപ്പിലാക്കിയതെന്നും ഏതു നേരത്തും അവശ്യ ഘട്ടങ്ങളിൽ ഓടിയെത്തുന്നവർക്ക് കരുതലിന്റെ വാതിൽ തുറന്നിട്ടയാളാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. ഏറെ ആവേശത്തിൽ അധികാരത്തിലെത്തിയ എൽ ഡി എഫ് സർക്കാർ പ്രഖ്യാപനങ്ങളെല്ലാം ഇപ്പോൾ മറന്നിരിക്കുകയാണെന്നും സാധാരണക്കാർക്ക് നൽകിയിരുന്ന ക്ഷേമ പെൻഷനുകൾ എല്ലാ മാസവും കൃത്യമായി നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ മാസങ്ങളായി മുടങ്ങിയിരിക്കുകയാണെന്നും ഓണമെത്തുന്നതോടെ സർവ്വത്ര സാധനങ്ങൾക്കും വിപണിയിൽ വിലക്കയറ്റം രൂക്ഷമാണെന്നും സർക്കാർ സാധാരണക്കാരന്റെ ജീവൽപ്രശനങ്ങളിൽ ഇടപെടുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമായാണ് കാണുന്നത് എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ജയിക്കുമെന്ന വിശ്വാസമുണ്ടെന്നും എല്ലാം ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തികച്ചും രാഷ്ട്രീയമായ ഉപതെരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിൽ നടക്കുക. കഴിഞ്ഞ ഏഴ് വർഷമായി സമസ്ത മേഖലകളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും അത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങൾ വിചാരണ ചെയ്യാനുള്ള അവസരം കൂടിയാണ് പുതുപ്പള്ളികാർക്ക് ഈ തെരഞ്ഞെടുപ്പ് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.