തിരുവനന്തപുരം: നാടിനെ പിന്നോട്ടടിപ്പിക്കാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര ചിന്തയും സഹജാവബോധവും പൗരബോധവും വളർത്തപ്പെടുന്നതും ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുന്നതുമായ ഇടമായാണു നവകേരളത്തെ സർക്കാർ വിഭാവനം ചെയ്യുന്നതെന്നും ആ നവകേരളം യാഥാർഥ്യമാക്കുന്നതിൽ വരുംതലമുറയ്ക്കു സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 14-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയവും ക്രിയാത്മകവും ഭാവനാത്മകവുമായി ചിന്തിക്കുന്ന തലമുറയായി വളരാൻ കഴിയണമെന്നു സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളോടു മുഖ്യമന്ത്രി പറഞ്ഞു. 'നാം നേരിടുന്ന വെല്ലുവിളികളെ നാം തിരികെ വെല്ലുവിളിക്കുക' എന്ന പ്രമേയത്തിലൂന്നിയാണു പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ, മൊബൈൽ അഡിക്ഷനും ദുരുപയോഗവും, ലഹരി ആസക്തി തുടങ്ങിയവയെ ചെറുത്തുതോൽപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവർത്തനങ്ങൾ നാടിന്റെ പുരോഗമനപരമായ മുന്നേറ്റത്തിന്റെ ചുവടുവയ്പ്പായി കാണണം. സാഹോദര്യവും ജനാധിപത്യബോധവും മതേതര കാഴ്ചപ്പാടും ഉയർന്നു നിലനിൽക്കുന്നതാണു കേരള സമൂഹത്തിന്റെ പ്രധാന പ്രത്യേകത. ഇവയെ നിയമാവബോധവുമായി കൂട്ടിയിണക്കി കുട്ടികളിലേക്കു പകർന്നുനൽകുകയെന്നതാണു സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അതു സഫലമായി എന്നതാണു പദ്ധതിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ തെളിയിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളം നടപ്പാക്കുന്ന പദ്ധതികളെപ്പോലെ, രാജ്യത്തിനാകെ മാതൃകയായി മറ്റു സംസ്ഥാനങ്ങൾ അംഗീകരിക്കുന്ന ഒരു പദ്ധതിയായി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതി മാറിയിരിക്കുന്നു. 2010ൽ ആരംഭിച്ച പദ്ധതിക്കു കീഴിൽ ഇപ്പോൾ സംസ്ഥാനത്തെ 998 സ്‌കൂളുകളിലായി ഒരു ലക്ഷത്തോളം കേഡറ്റുകളും രണ്ടായിരത്തിലധികം അധ്യാപകരും മൂവായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരും രണ്ടു ലക്ഷത്തോളം പൂർവ കേഡറ്റുകളുമുണ്ട്. ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ മോട്ടോർ വാഹനം, തദ്ദേശ സ്വയംഭരണം, വനം, ഫയർ ആൻഡ് റെസ്‌ക്യൂ, കായിക യുവജനക്ഷേമ വകുപ്പുകൾ സഹകരിക്കുന്നുണ്ട്. കേരളത്തിൽ വിജയകരമായി നടപ്പാക്കപ്പെട്ട പദ്ധതിയിൽ മറ്റു സംസ്ഥാനങ്ങൾ വലിയ താത്പര്യം കാണിക്കുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിനു വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ ഇവിടേക്കു വരികയും ചെയ്യുന്നുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവ ഇടപെടൽ നടത്താൻ ഇതിനോടകം എസ്.പി.സിക്കു കഴിഞ്ഞിട്ടുണ്ട്. കേരള ലീഗൽ സർവീസസ് അതോറിറ്റി നിയമാവബോധം പകർന്നുനൽകാനുള്ള അംബാസിഡർമാരായി തെരഞ്ഞെടുത്തത് എസ്.പി.സി. അംഗങ്ങളെയാണ്. ചുരുങ്ങിയ കാലംകൊണ്ട് വിദ്യാർഥികളിലും സ്‌കൂൾ അധികൃതരിലും അധ്യാപകർ, രക്ഷകർത്താക്കൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരിലെല്ലാം വലിയ സ്വാധീനം ചെലുത്താൻ ഇവർക്കു കഴിഞ്ഞു. കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ഡൗൺ കാലത്ത് എസ്.പി.സി മുഖേന ആരംഭിച്ച 'ഒരു വയറൂട്ടാം' എന്ന പദ്ധതി ഇവരുടെ സമൂഹ്യ ഇടപെടലുകളുടെ മികച്ച ഉദാഹരണമാണ്. 10 ലക്ഷത്തിലധികം ഭക്ഷണപ്പൊതികൾ ഈ ഘട്ടത്തിൽ വിതരണം ചെയ്തു. വിവിധ ആശുപത്രികളിലേക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിനു 15 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും എസ്.പി.സി. സംഭാവനചെയ്തു. കോവിഡിനെ ചെറുക്കാൻ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ലക്ഷ്യമാക്കി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത 60,000ലധികം വിഡിയോകൾ ഏറെ ഉപകാരപ്രദമായി. കോവിഡിനു ശേഷവും സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എസ്.പി.സി. ഏറ്റെടുത്തു. 53,460 വീടുകളിൽ വായനാമൂലകൾ സ്ഥാപിച്ചതും ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചു ട്രൈബൽ ലൈബ്രറികൾ സ്ഥാപിച്ചതും അതിന്റെ ഭാഗമാണ്. പരിസ്ഥിതി സൗഹൃദ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനും ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുന്നതിനുമായി തയാറാക്കിയ 'എസ്.പി.സി. സൈക്കിൾ ബ്രിഗേഡ്' പദ്ധതിയും 10 ലക്ഷത്തോളം മരങ്ങളും അഞ്ചു ലക്ഷത്തോളം ഫലവൃക്ഷത്തൈകളും വച്ചുപിടിപ്പിച്ച 'ഹരിതഭൂമി' പദ്ധതിയും മികച്ച ദൃഷ്ടാന്തങ്ങളാണ്. 2020 മുതൽ 2022 വരെ നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ വീടുകൾ സന്ദർശിച്ച്, വോട്ടു ചെയ്യാനും ജനാധിപത്യത്തിന്റെ കാവലാളാകാനും ബോധവത്കരിച്ച 'വോട്ടറിവ്' എന്ന പദ്ധതി ഏറെ പ്രയോജനകരമായിരുന്നു. ആദിവാസി, പിന്നാക്ക, കടലോര മേഖലകളിൽ വോട്ടിങ് ശതമാനം ഗണ്യമായി ഉയരുകയും എസ്.പി.സിയുടെ പ്രവർത്തനങ്ങളെ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷൻ അഭിനന്ദിക്കുകയും ചെയ്തു. 'ജീവിതമാണു ലഹരി'യെന്ന സന്ദേശം ഉയർത്തി 'എസ്.പി.സി. എഗേൻസ്റ്റ് അഡിക്ഷൻ' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി സമൂഹത്തിൽ മികച്ച സ്വാധീനം ചെലുത്തുന്നു. ‘ബീ സേഫ്’ ക്യാംപെയിൻ പ്രകാരം സംസ്ഥാനത്താകമാനം 20,000ലധികം രക്ഷകർത്താക്കൾക്കു ഡിജിറ്റൽ സുരക്ഷയെക്കുറിച്ചു ക്ലാസുകൾ നൽകാനായി. കുട്ടികൾക്കുണ്ടാകുന്ന ഏകാന്തതയും വിരസതയും മാറ്റുന്നതിനും സഹപാഠികൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനു പ്രത്യേക പദ്ധതിയും നടപ്പാക്കാൻ കഴിഞ്ഞു. 'ജീവധാര' പദ്ധതിയനുസരിച്ചു സമ്മതപത്രം നൽകിയ 3,50,000 വ്യക്തികളിൽനിന്നു തെരഞ്ഞടുത്തവരെ രക്തദാന കേന്ദ്രങ്ങളിലെത്തിച്ചു രക്തദാനം നടത്താനും എസ്.പി.സി. മുൻകൈയെടുക്കുന്നു. കുട്ടികളുടേയും രക്ഷകർത്താക്കളുടേയും മാനസിക പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്ന 'ചിരി' പദ്ധതി, കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യംവച്ചുള്ള 'പടവുകൾ', വെർച്വൽ ക്ലാസ് പദ്ധതികൾ തുടങ്ങിയവ ശ്രദ്ധേയമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും എസ്.പി.സി. രാജ്യത്തിനു മാതൃകയാണ്. 'സ്നേഹവീട്' പദ്ധതി പ്രകാരം കേഡറ്റുകളുടെ നേതൃത്വത്തിൽ വീടുകൾ നിർമിച്ചു നൽകുന്നു. കാഴ്ചപരിമിതിയുള്ളവർക്കു മാത്രമായി എസ്.പി.സിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ശ്രുതിമധുരം' ഓൺലൈൻ റേഡിയോ പരിപാടി ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞു. ശാരീരിക അവശതയനുഭവിക്കുന്ന വിദ്യാർഥികൾക്കു വീൽചെയറുകൾ വിതരണം ചെയ്യാനും എസ്.പി.സി. തയാറാകുന്നുണ്ട്. വന, തീരദേശ മേഖലകളിലെ വിദ്യാർഥികളുടെ പഠന പുരോഗതി ലക്ഷ്യമിട്ട് വിവിധ പ്രവർത്തനങ്ങളാണ് എസ്.പി.സി. ഏറ്റെടുത്തു നടപ്പാക്കുന്നത്. ഓൺലൈൻ പഠന സമ്പ്രദായത്തിനു കരുത്തേകാൻ ആറായിരത്തിലധികം ടെലിവിഷനുകളും 700 ഓളും സ്മാർട്ട് ഫോണുകളും അഞ്ഞൂറിലധികം കേബിൾ കണക്ഷനുകളും ലഭ്യമാക്കാൻ എസ്.പി.സി. അംഗങ്ങൾ കൈമെയ് മറന്നു പ്രവർത്തിച്ചു. ഇത്രയൊക്കെ കാര്യക്ഷമമായി ഇടപെടുന്ന പ്രസ്ഥാനത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടു നയിക്കേണ്ടത് കേരള സമൂഹത്തിന്റെ ആകെ ആവശ്യമാണ്. ഈ ബജറ്റിൽ എസ്.പി.സിയുടെ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ സർക്കാർ നീക്കിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ 14-ാം വാർഷികത്തിന്റെ ഭാഗമായി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്കൊപ്പം മുഖ്യമന്ത്രി കേക്ക് മുറിച്ചു. പദ്ധതിയുടെ ഈ വർഷത്തെ പ്രമേയം ‘ചലഞ്ച് ദ ചലഞ്ചസ് ടുവേഡ്സ് എ ബെറ്റർ വേൾഡ്’-ന്റെ തീം വിഡിയോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേഡറ്റുകൾ തീം വേദിയിൽ അവതരിപ്പിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എസ്.പി.സി. സ്റ്റേറ്റ് ക്വിസ് ഗ്രാൻഡ് ഫിനാലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. തിരുവനന്തപുരം വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ്, എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ, ദക്ഷിണ മേഖലാ ഐജി സ്പർജൻ കുമാർ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചക്കിലം, ഡിഐജി ആർ. നിശാന്തിനി തുടങ്ങിയവർ പങ്കെടുത്തു.