കോട്ടയം: സാതന്ത്ര്യലബ്ദിയുടെ എഴുപത്തഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു. കോട്ടയം താലൂക്ക് പരിധിയിൽ താമസിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങൾക്കാണ് ആദരമേകിയത്. കോട്ടയം താലൂക്കോഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനിയായ പി.ഐ. ഇട്ടിയവിരയുടെ ഭാര്യ ലീലാമ്മ ഇട്ടിയവിരയെ തഹസിൽദാർ എസ്.എൻ അനിൽകുമാർ പൊന്നാട അണിയിച്ച് ആദരിച്ച് കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. 10 സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങൾക്കാണ് ചടങ്ങിൽ ആദരം അർപ്പിച്ചത്. പി.ആർ. ഭാസ്‌കരൻ നായർ, സി.ആർ. രാഘവാനന്ദൻ, കെ.ജേക്കബ്ബ്, പി.ടി വിൽസൺ, മാണി മാണി, പി.വി അന്തപ്പൻ, ചക്രപാണി, സി.എൽ. മാത്യു, ദാമോദരൻ നായർ എന്നീ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരമായാണ് കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചത്. ഡെപ്യൂട്ടി തഹസിൽദാർ യു. രാജീവ് ചടങ്ങിൽ പങ്കെടുത്തു.