കോട്ടയം: ചന്ദ്രയാൻ 3 ന്റെ സേഫ് ലാൻഡിങ് സാധ്യമാക്കി ഇന്ത്യ ചരിത്രം തിരുത്തിയപ്പോൾ ഇരട്ടി അഭിമാനമാണ് നമ്മൾ കോട്ടയംകാർക്കും. ചന്ദ്രയാൻ ദൗത്യത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയും ഒപ്പം മറ്റു 2 പേരും നമ്മുടെ കോട്ടയം ജില്ലക്കാരാണ്. ആയിരത്തോളം ശാസ്ത്രജ്ഞരും എഞ്ചിനീയര്മാരുമാണ് ഈ വിജയകരമായ ദൗത്യത്തിന് പിന്നിലുള്ളത്.
ഇവരിൽ നമ്മുടെ കോട്ടയം ജില്ലക്കാരായ മൂന്നു പേരിൽ ഒരാളും ചന്ദ്രയാൻ ദൗത്യത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയുമായ ഐ എസ് ആർ ഓ യുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടറായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, ഐ എസ് ആർ ഓ യിലെ സീനിയർ സയന്റിസ്റ്റ് ലിറ്റി ജോസ്, ഹരിദാസ് എന്നിവരാണ് രാജ്യത്തിന്റെ അഭിമാന നിമിഷത്തിൽ പങ്കാളികളായ കോട്ടയം ജില്ലക്കാർ.
വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടറായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ കോട്ടയം കോതനെല്ലൂർ സ്വദേശിയാണ്. ഐ എസ് ആർ ഓ യിലെ സീനിയർ സയന്റിസ്റ്റ് ലിറ്റി ജോസ് ഭരണങ്ങാനം അമ്പാറ സ്വദേശിനിയാണ്. ഹരിദാസ് കോട്ടയം കിടങ്ങൂർ കുമ്മണ്ണൂർ സ്വദേശിയാണ്. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-ത്രീ എന്ന് ഇന്ന് അറിയപ്പെടുന്ന ജിഎസ്എല്‍വി മാര്‍ക്ക്-ത്രീ നിര്‍മ്മിച്ചത് തിരുവനന്തപുരം ജില്ലയിലെ തുമ്പ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്രം സാരാഭായി സ്‌പേസ് സെന്ററിലാണ് (VSSC) .
വിഎസ്എസ്‌സിയുടെ തലവന്‍ എന്ന നിലയില്‍ ഈ ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് കോട്ടയം സ്വദേശിയായ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത് ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ ആണ്.
ഗഗൻയാൻ പദ്ധതിക്ക് വേണ്ടിയുള്ള ഹ്യുമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിന്റെ ആദ്യ ഡയറക്ടറാണ് ഇദ്ദേഹം. വി.എസ്.എസ്.സി ഡയറക്ടർ ആകുന്ന അഞ്ചാം മലയാളിയാണ് ഈ കോതനല്ലൂർ സ്വദേശി. രാജ്യത്തിന്റെ ബഹിരാകാശസ്വപ്നങ്ങൾക്കൊപ്പം മലയാളികൾക്കും അഭിമാനമായി മാറുകയാണ് ചന്ദ്രയാൻ ദൗത്യത്തിൽ പങ്കെടുത്ത 3 കോട്ടയം സ്വദേശികൾ.