125 ഔഷധ ചേരുവകൾ കൊണ്ടു പൂക്കളമൊരുക്കി ഔഷധി.


സംസ്ഥാന സർക്കാരിന് കീഴിലുള്ള ഔഷധിയുടെ മരുന്നുകളിലെ 125 അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഓണത്തിന് ഔഷധ പൂക്കളമൊരുക്കി. ഔഷധിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിലാണ് ഔഷധ ഇലകൾ, പൂവുകൾ, കായകൾ, വിത്തുകൾ, വേരുകൾ, ഫലങ്ങൾ എന്നിവ ഉപയോഗിച്ച് ഔഷധ പൂക്കളം ഒരുക്കിയത്. പരിപാടി പൊതുവിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ആയുർവേദത്തിന് കിട്ടുന്ന വലിയ അംഗീകാരമാണ് ഔഷധ പൂക്കളമെന്ന് മന്ത്രി പറഞ്ഞു. വ്യത്യസ്തങ്ങളായ ഔഷധച്ചെടികളെക്കുറിച്ചും അവയുടെ ഔഷധഗുണങ്ങളെക്കുറിച്ചും പുതിയ തലമുറയ്ക്ക് അറിയാനും അന്വേഷിക്കാനും പൂക്കളം വഴിയൊരുക്കും.  പരിപാടിയിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു.  ലോകത്തിനു മലയാളം സംഭാവന ചെയ്ത ഏറ്റവും മികച്ച ചികിത്സാ രീതിയാണ് ആയുർവേദം എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കണ്ണൂരിൽ 500 ഏക്കറിൽ തുടക്കം കുറിക്കുന്ന ആയുർവേദ ഗവേഷണ കേന്ദ്രം, ഇടുക്കിയിൽ ആരംഭിക്കുന്ന സർക്കാർ ആയുർവേദ മെഡിക്കൽ കോളജ് എന്നിവ ഉൾപ്പെടെ ആയുർവേദ രംഗത്ത് കലവറയില്ലാത്ത പിന്തുണയും പരിഷ്‌ക്കാരങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്, ബോർഡ് അംഗം ടി.വി ബാലൻ തുടങ്ങിയവർ സംസാരിച്ചു.