കോട്ടയം: തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവേ കോട്ടയത്തിന്റെ വിപണിയിൽ കളം നിറഞ്ഞു പൂക്കൾ. വരും ദിവസങ്ങളിൽ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഓണാഘോഷങ്ങൾ ആരംഭിക്കുന്നതോടെ പൂക്കൾക്ക് ആവശ്യക്കാരേറും. ഇത്തവണ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളേക്കാൾ കൂടുതൽ പ്രിയം നാടൻ പൂക്കളോടാണ്. പൂക്കളമൊരുക്കുന്നതിനാവശ്യമായ വിവിധ നിറങ്ങളിലുള്ള ബന്ദിപ്പൂക്കളും മറ്റു പൂക്കളും ഇപ്പോൾ നാട്ടിൽ യഥേഷ്ടം ലഭ്യമാണ്. തദ്ദേശ സ്ഥാപനങ്ങളുടെയും കൃഷിഭവൻ,കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച പൂ കൃഷി ഇപ്പോൾ വിളവെടുപ്പിനു പാകമായിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളിൽ വ്യക്തികളും മറ്റു സംഘടനകളും സമാന രീതിയിൽ പൂ കൃഷി നടത്തിയിരുന്നു. ഇത്തവണ പൂക്കളമൊരുക്കാൻ നാടൻ പൂക്കൾ വിപണിയിൽ സുലഭമാണ്.