കോട്ടയം: ജില്ലയിലെ കൃഷി വകുപ്പിന്റെ പഴം പച്ചക്കറി ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനവും ആദ്യ വിൽപനയും ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിച്ചു. ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗസൈസേഷൻ കോട്ടയം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. വർക്കി മാത്യുവിനു നൽകിക്കൊണ്ട് ആദ്യ വിൽപന കളക്ടർ നിർവഹിച്ചു. തിരുനക്കര മൈതാനത്ത് നടന്ന ചടങ്ങിൽ ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീതാ പോൾ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീത പോൾ കളക്ടർക്ക് ഓണ ഉപഹാരവും കൈമാറി. ജില്ലയിൽ വിവിധ ഇടങ്ങളിൽ ഓഗസ്റ്റ് 25 മുതൽ 28 വരെ ജില്ലയിൽ 165 പഴം പച്ചക്കറി വിപണികൾ പ്രവർത്തിക്കും. പച്ചക്കറി ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ടാണ് സംഭരിക്കുന്നത്. പൊതുവിപണിയേക്കാൾ കർഷകരുടെ ഉത്പന്നങ്ങൾക്ക് 10 ശതമാനം അധിക വില നൽകിയാണ് സംഭരിക്കുന്നത്. ഇപ്രകാരം സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. നന്മ, എഫ്.ഐ.ജി2( ഫാർമസ് ഇൻട്രസ്റ്റ് ഗ്രൂപ്പ്) എന്നീ കൃഷിക്കൂട്ടങ്ങളിൽ നിന്നാണ് കോട്ടയം കൃഷിഭവനിലേക്ക് പഴം പച്ചക്കറികൾ സംഭരിക്കുന്നത്. ജില്ലയിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേന ലഭ്യമാക്കും. അസിസ്റ്റന്റ് മാർക്കറ്റിംഗ് ഡയറക്ടർ എ. ഫസ്‌ലീന, ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. ബിന്ദു, അസിസ്റ്റന്റ് ഡയറക്ടർ വി.ജെ. കവിത, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജി മോൾ തോമസ്, ഫീൽഡ് ഓഫീസ് കെ. സോമലേഖ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.