കാലങ്ങളായി കുടിനീരിനായി അലയുന്ന ജനത, കാലങ്ങളായി ഇടുങ്ങിയ പാലങ്ങൾ കടന്നുള്ള യാത്രാ ദുരിതം, ഇവയെല്ലാം പുതുപ്പള്ളിയുടെ ശാപമാണ്: ജെയിക് സി തോമസ്.


പുതുപ്പള്ളി: കാലങ്ങളായി കുടിനീരിനായി അലയുന്ന ജനതയായിരുന്നു പുതുപ്പള്ളി മണ്ഡലത്തിലേത് എന്നും ഈ മണ്ഡലത്തിലെ എം എൽ എ രണ്ട് തവണ മുഖ്യമന്ത്രിയായപ്പോഴും ബഹുഭൂരിപക്ഷം പഞ്ചായത്തുകൾ യുഡിഎഫ് ഭരിക്കുമ്പോഴും ആ സ്ഥിതിക്ക് മാറ്റം ഉണ്ടായില്ല എന്നും ജെയിക് സി തോമസ്. അതേസമയം 2020 ൽ എട്ടിൽ ആറു പഞ്ചായത്തുകളും എൽഡിഎഫ്  നേടിയ ശേഷം പരിഹാരങ്ങൾക്കുള്ള ശ്രമം തുടങ്ങി. പുതുപ്പള്ളി പഞ്ചായത്തിൽ ഉൾപ്പടെ കൂറ്റൻ വാട്ടർ ടാങ്കുകൾ പണി പുരോഗമിക്കുന്നു. പാറമടയിൽ നിന്ന് വെള്ളമെടുത്തു കുടിക്കേണ്ട ഗതികേടിൽ നിന്നുള്ള മാറ്റം ഈ നാട് അർഹിക്കുന്നു എന്നും ജെയിക് സി തോമസ് പറഞ്ഞു. കാലങ്ങളായി ഇടുങ്ങിയ പാലങ്ങൾ കടന്നുള്ള യാത്രാ ദുരിതം പുതുപ്പള്ളിയുടെ ശാപമാണ് എന്നും മണ്ഡലത്തിലെ എംഎൽഎ രണ്ടു വട്ടം മുഖ്യമന്ത്രി ആയിട്ടും ഒരു മാറ്റവും വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി പള്ളിക്ക് മുന്നിലെ പാലം, തൃക്കോതമംഗലം, മാലം, മറ്റക്കര ചുവന്നപ്ലാവ്, ഒറവയ്ക്കൽ പാലങ്ങൾ എന്നിവയെല്ലാം ഇതിന്റെ നേര്സാക്ഷ്യങ്ങൾ ആണെന്നും ഉറപ്പില്ലായ്മയിലും ബലക്ഷയത്തിലും പാലാരിവട്ടം പാലത്തിന്റെ മുൻഗാമികളായ ഈ പാലങ്ങൾ പുതുപ്പള്ളിയുടെ വികസന മുരടിപ്പിന്റെ ചിഹ്നങ്ങളാണ് എന്നും ജെയിക് സി തോമസ് പറഞ്ഞു.