ഹൈക്കോടതി ഇടപെട്ടു: കോട്ടയത്ത് ആകാശപ്പാതയുടെ ബലപരിശോധന ഇന്ന് മുതൽ, നഗരത്തിൽ ഗതാഗാത നിയന്ത്രണം.


കോട്ടയം: ഹൈക്കോടതി ഇടപെടലിൽ കോട്ടയത്ത് ആകാശപ്പാതയുടെ ബലപരിശോധന ഇന്ന് മുതൽ ആരംഭിക്കും. കിറ്റ്‌കോയുടെ നേതൃത്വത്തിൽ 22 വരെ രാത്രിയിലാണ് പരിശോധന നടത്തുന്നത്. ഇന്ന് മുതൽ 22 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2015 ഡിസംബർ 22നാണു നിർമാണം ആരംഭിച്ചത്. പദ്ധതിക്ക് ആവശ്യമായ 5.18 കോടി രൂപയും അനുവദിച്ചു. കിറ്റ്കോയെ നിർമാണ ചുമതല ഏൽപിച്ചു. 28 ലക്ഷം കെഎസ്ഇബിക്കും 7.5 ലക്ഷം ജല അതോറിറ്റിക്കും 54,000 രൂപ മണ്ണ് പരിശോധനയ്ക്കുമായി കിറ്റ്കോ കൈമാറി. നിർമാണത്തിന്റെ ഒരു ഘട്ടം പൂർത്തിയായ ശേഷമാണ് നിർമാണം നിലച്ചത്. നഗരത്തിന്റെ ഹൃദയഭാഗത്ത് കാൽനട യാത്രികർക്ക് വാഹനത്തിരക്കിലകപ്പെടാതെ റോഡ് മുറിച്ചു കടക്കുന്നതിനായി വിഭാവനം ചെയ്ത ആകാശ നടപ്പാതയുടെ നിർമ്മാണം ആദ്യ പ്രളയത്തിന് ശേഷമാണ് നിലച്ചത്. ആദ്യ പ്രളയത്തെ തുടർന്ന് ആകാശ നടപ്പാതയുടെ പണികൾ പ്രതിസന്ധി നേരിടുകയും പിന്നീട് പണികൾ മുഴുവനായും നിലയ്ക്കുകയുമായിരുന്നു. കോട്ടയത്തിന്റെ പൂവണിയാത്ത പോയ സ്വപ്നമാണ് നഗരത്തിന്റെ നടുക്ക് വെയിലും മഴയുമേറ്റു തുരുമ്പിച്ചു നിൽക്കുന്നത്. അഞ്ചു മാസം കൊണ്ട് പൂർത്തകരിക്കും എന്ന് പറഞ്ഞ പദ്ധതി പിന്നീട് സമൂഹമാധ്യമ കൂട്ടായ്മകൾക്കും വാട്ട്സ്ആപ്പ് കൂട്ടായ്മകൾക്കും ട്രോളിക്കളിക്കാനുള്ള സ്ഥിരം വിഷയമായി. ഓണവും ക്രിസ്മസുമുൾപ്പടെ എല്ലാ വിശേഷ ദിനങ്ങളിലും കോട്ടയത്തിന്റെ ആകാശ നടപ്പാത ട്രോളുകളിൽ ഇടം നേടിയിരുന്നു. ഗതാഗത കുരുക്ക് കുറയ്ക്കാനായി കോട്ടയത്തെ നഗര മധ്യത്തിൽ നിർമ്മിച്ച ആകാശ നടപ്പാതയുടെ നിർമ്മാണം പെരുവഴിയിലായതോടെ രാവിലെയും വൈകിട്ടും ഈ മേഖലയിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. സ്ട്രക്ച്ചറുകളുടെ നിർമ്മാണം പൂർത്തിയായപ്പോഴായിരുന്നു പ്രളയം.