പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി, കനത്ത മഴയിലും കലാശക്കൊട്ടിലേക്ക് ആവേശവുമായി പുതുപ്പള്ളി, അവസാനവട്ട പ


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പരസ്യ പ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കലാശക്കൊട്ടിലേക്ക് ആവേശവുമായി പുതുപ്പള്ളി. സ്ഥാനാർഥികൾ അവസാനവട്ട പ്രചാരണത്തിൽ വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ്. മുന്നണികളിലെ മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവർ എത്തിയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം നിന്നത്. റോഡ് ഷോകൾ ഉൾപ്പടെയുള്ള പരിപാടികളുമായാണ് കലാശക്കൊട്ടിനു തയ്യാറെടുക്കുന്നത്. മുന്നണികളിലെ മുതിർന്ന നേതാക്കൾ പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് തവണയാണ് മണ്ഡലത്തിൽ പര്യടനം നടത്തിയത്. മുൻ വർഷങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായതും നിയോജകമണ്ഡലത്തിലെ കൂടുതൽ പഞ്ചായത്തുകളും ഭരിക്കുന്നത് ഇടത് മുന്നണിയാണെന്നതും എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസിനും മുന്നണികളും ആത്മവിശ്വാസം നൽകുന്നുണ്ട്. ഒപ്പം പുതുപ്പള്ളിയിലെ വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് എൽ ഡി എഫ് വോട്ട് തേടുന്നത്. പിതാവിന് ഹൃദയം നൽകി സ്നേഹിച്ച ജനങ്ങളാണ് തനിക്കൊപ്പം ഉള്ളതെന്ന് യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം എൽ എ മാരും എം പി മാരും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നു. എൻ ഡി എ സ്ഥാനാർഥി ലിജിൻ ലാലിനായി മുതിർന്ന നേതാക്കൾ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർ പുതുപ്പള്ളിയിൽ സജീവമായി പ്രവർത്തിച്ചു. പുതുപ്പള്ളിയിലെ പരസ്യ പ്രചരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കും. ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഉപതിരഞ്ഞെടുപ്പിൽ 3 സ്വതന്ത്രർ ഉൾപ്പെടെ 7 സ്ഥാനാർഥികളാണുള്ളത്.