കന്നിയങ്കത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മന്റെ വിജയം, ജെയ്ക്കിന് ഹാട്രിക്ക് തോല്‍വി.


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മന്റെ വിജയം. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ആകെ  78,098 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് 41,644 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് 6447 വോട്ടും ലഭിച്ചു. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ പുതുചരിത്രം എഴുതിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ.  ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നു ചാണ്ടി ഉമ്മൻ. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡ് മറികടന്നു ചാണ്ടി ഉമ്മന് ചരിത്ര വിജയമാണ് പുതുപ്പള്ളി സമ്മാനിച്ചിരിക്കുന്നത്. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകന്റെ കന്നിയങ്കത്തിൽ മകനോടും പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസ്. ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി ഇനി മകൻ ചാണ്ടി ഉമ്മന്റെ കൈയിൽ ഭദ്രമാണ്. പുതുപ്പള്ളിയിൽ മാത്രമല്ല ജില്ലയിലുടനീളവും ജില്ലക്ക് പുറത്തും വിജയഘോഷത്തിലാണ് പ്രവർത്തകർ. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു.