പാലാ: പാലാക്കാരിയും പ്രസിദ്ധമായ ആൻസ് ബേക്കറി ശൃംഖലകളുടെ ഉടമയുമായ അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളിക്ക് ഈ ഓണം ഏറെ പ്രാധാന്യമുള്ളതായിരുന്നു. മലയാളികൾക്ക് രുചി വൈവിധ്യങ്ങളാൽ വിഭവങ്ങൾ സമ്മാനിച്ച അന്നമ്മ ജോസഫിന്റെ രുചി കേമമായ പലഹാരക്കൂട്ടുകൾ ഓണസമ്മാനമായി രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും സമ്മാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഔദ്യോഗിക വസതിയിലെത്തി ഓണാശംസകള്‍ നേര്‍ന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഓണക്കോടിക്കൊപ്പം സമ്മാനിച്ചത് കേരളത്തിന്റെയും ഒപ്പം കോട്ടയത്തിന്റെയും തനി നാടൻ പലഹാര വിഭവങ്ങളാണ്. ഓണവിഭവങ്ങളായ ഉപ്പേരി,ശർക്കരവരട്ടി എന്നിവയ്‌ക്കൊപ്പം അച്ചപ്പം, കുഴലപ്പം, ചുരുട്ട്, ചീട, ചക്കവറുത്തത്, കേക്ക്, ഹല്‍വ തുടങ്ങി 14 ഇനങ്ങളടങ്ങുന്ന പലഹാര പൊതിയാണ് ഡോ. സി.വി ആനന്ദബോസ് ഓണക്കോടിക്കൊപ്പം പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. 35 വര്‍ഷമായി നടത്തുന്ന ആന്‍സ് ബേക്കറിക്ക് ലഭിച്ച വലിയ അംഗീകാരമാണിത് എന്ന് അന്നമ്മ പറഞ്ഞു. കോട്ടയം മാന്നാനം സ്വദേശിനിയായിരുന്ന അന്നമ്മ ജോസഫിന്റെ അയൽവാസിയായിരുന്നു ആനന്ദബോസ്. പാലാ കൊട്ടുകാപ്പള്ളി കുടുംബത്തിലേക്ക് വിവാഹം കഴിഞ്ഞു എത്തിയതോടെ രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്ന അന്നമ്മയുടെ ആഗ്രഹങ്ങൾക്ക് പ്രശസ്തമായ കുടുംബം തടസ്സം നിന്നില്ല. തുടർന്നാണ് ഒറ്റമുറി ബേക്കറി കടയിൽ നിന്നും ഇന്ന് ധാരാളം ശൃംഖലകളുള്ള ആൻസ് ബേക്കറി എന്ന സ്ഥാപനത്തിന്റെ ഉടമയായി 35 വര്ഷങ്ങളോളം രുചി വിഭവങ്ങൾ വിളമ്പി അന്നമ്മയും ഒപ്പം ആൻസ് ബേക്കറിയും വളർന്നത്. പ്രധാനമന്ത്രിക്കും ഒപ്പം കേന്ദ്രമന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഉള്‍പ്പെടെ നൽകുന്നതിനായി നാടൻ പലഹാര പൊതികൾ വേണമെന്ന് ആനന്ദബോസ് ആവശ്യപ്പെട്ടതോടെ വളരെ ശ്രദ്ധയോടെയാണ് ഒരോ ഇനവും തയ്യാറാക്കിയത് എന്ന് അന്നമ്മ പറഞ്ഞു. പാലായില്‍ തുടക്കമിട്ട ആന്‍സ് ബേക്കറി ഇന്ന് 20 ഔട്ട് ലറ്റുകളുള്ള ശ്യംഖലയാണ്.