ചങ്ങനാശ്ശേരി: കമ്പാർട്ട്മെന്റ് മാറിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയതിനെ തുടർന്ന് ട്രെയിനിൽ കയറാൻ സാധിക്കാതെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ടുപോയ മധ്യവയസ്‌കയ്ക്കും കൈക്കുഞ്ഞിനും സംരക്ഷണം നൽകി പോലീസ്. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ രാത്രിയിലാണ് സംഭവം. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ മലബാർ എക്സ്പ്രസ് ട്രെയിനിൽ നിന്നും മധ്യവയസ്കയും കൈക്കുഞ്ഞും ജനറൽ കമ്പാർട്ട്മെന്റിൽ നിന്നും മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് മാറിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങുകയായിരുന്നു. ഇതോടെ ഇരുവരും ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ടുപോകുകയായിരുന്നു. രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ അധികം ആളുകൾ ഇറങ്ങാൻ ഉണ്ടായിരുന്നില്ല. പരിഭ്രമിച്ചുള്ള നിൽപ്പ് കണ്ടു യാത്രക്കാർ ഇവരോട് കാര്യങ്ങൾ തിരക്കിയെങ്കിലും ഒന്നും സംസാരിച്ചിരുന്നില്ല. തുടർന്ന് ട്രെയിനിൽ യാത്ര ചെയ്ത മിമിക്രി താരം അജേഷ് ചങ്ങനാശ്ശേരിയും ഇതേ ട്രെയിനിൽ യാത്ര ചെയ്യ്‌തിരുന്ന കുരിശുംമൂട്ടിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും ചേർന്ന് റെയിൽവേ ഉദ്യോഗസ്ഥന്മാരെ അറിയിക്കുകയും തുടർന്ന് ചങ്ങനാശ്ശേരി പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്മാരായ ഗോപകുമാർ, മോബിഷ്, സിബി എന്നിവർ റെയിൽവേ സ്റ്റേഷനിൽ എത്തി മധ്യവയസ്കയിൽ നിന്ന് കൃത്യമായ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജനറൽ കമ്പാർട്ട്മെന്റിൽ നിന്നും മറ്റ് കമ്പാർട്ട്മെന്റിലേക്ക് മാറി കയറാൻ ശ്രമിച്ചതാണെന്നും ഇവരുടെ കൂടെയുള്ള ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട് എന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയും ഇവരുടെ ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കൾ കോട്ടയത്തു നിന്നും ചങ്ങനാശ്ശേരിയിൽ എത്തി. ഇരുവരെയും ട്രെയിനിൽ കാണാതായതോടെ ഭീതിയിലായിരുന്നു ബന്ധുക്കൾ. ബന്ധുക്കൾ എത്തുന്നത് വരെ ഇരുവർക്കും സംരക്ഷണം നൽകി ചങ്ങനാശ്ശേരി പോലീസ് ഒപ്പമുണ്ടായിരുന്നു.